< Back
Kerala
മംഗളൂരു സ്‌ഫോടനം; അന്വേഷണം എൻ.ഐ.എക്ക് കൈമാറി
Kerala

മംഗളൂരു സ്‌ഫോടനം; അന്വേഷണം എൻ.ഐ.എക്ക് കൈമാറി

Web Desk
|
25 Nov 2022 7:30 PM IST

എൻ.ഐ.എക്ക് കൈമാറാൻ കർണാടക സർക്കാർ ശിപാർശ ചെയ്തിരുന്നു

കാസർകോട്: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറി. കേസന്വേഷണം എൻ.ഐ.എക്ക് കൈമാറണമെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ശിപാർശ ചെയ്തിരുന്നു. എൻഐഎ ആക്ട് 2008-ലെ വ്യവസ്ഥകൾ പ്രകാരം എൻ.ഐ.എയ്ക്ക് കൈമാറിയതായി അണ്ടർ സെക്രട്ടറി വിപുൽ അലോക് പറഞ്ഞു.

കേസിൽ രാജ്യദ്രോഹ പ്രവൃത്തികൾ ഉൾപ്പെടുന്നതായി കാണിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര വകുപ്പിന് ശനിയാഴ്ച കത്തു നൽകിയിരുന്നു. തുടക്കം മുതൽ എൻ.ഐ.എയും കേസിൽ സമാന്തരമായി വിവരം ശേഖരിച്ചിരുന്നു. കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികളെ മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ എൻഐഎ നീക്കം തുടങ്ങിയിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് കങ്കനാടിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖിനെ (29) അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്തയ്ക്കും ഷാരിഖിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 2020ൽ യുഎപിഎ കേസിൽ അറസ്റ്റിലായ ഷാരിഖ് ജാമ്യത്തിലിറങ്ങി മൈസൂരുവിൽ വ്യാജ മേൽവിലാസത്തിൽ താമസിച്ചുവരികയായിരുന്നു. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Similar Posts