
മംഗളൂരു വിദ്വേഷ കൊല; പൊലീസ് ഗുരുതര വീഴ്ചകൾ വരുത്തിയെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്
|പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി, കർണാടക അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, ഓൾ ഇന്ത്യ അസോസിഷൻ ഫോർ ജസ്റ്റിസ് കർണാടക എന്നിവർ സംയുക്തമായാണ് വസ്തുതാന്വേഷണം നടത്തിയത്
മംഗളൂരു: മംഗളൂരു കുഡുപുവിലെ വിദ്വേഷ കൊലയിൽ പൊലീസ് ഗുരുതരമായ വീഴ്ചകൾ വരുത്തിയെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. കൊലപാതക കേസ് രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കുടുംബത്തിന് നൽകിയിട്ടില്ലെന്നും സംയുക്ത വസ്തുതാന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 27ന് വൈകുന്നേരമായിരുന്നു മലയാളിയായ മുഹമ്മദ് അഷ്‌റഫിനെ സംഘപരിവാർ സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി, കർണാടക അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, ഓൾ ഇന്ത്യ അസോസിഷൻ ഫോർ ജസ്റ്റിസ് കർണാടക എന്നിവർ സംയുക്തമായാണ് വസ്തുതാന്വേഷണം നടത്തിയത്. പൊലീസ് സംഭവസ്ഥലം സന്ദർശിച്ചിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചു എന്നതാണ് ഗുരുതരമായ ആരോപണം. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറും ക്രമസമാധാന ചുമതലയുള്ള ഡിസിപിയും ഗുരുതരമായ വീഴ്ചകൾ വരുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് അത് കൊലപാതകത്തിലേക്ക് മാറ്റുകയായിരുന്നു. ഇത് തെളിവ് നശിപ്പിക്കുന്നതിലേക്ക് നയിച്ചു എന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. കുടുംബത്തിന് റിപ്പോർട്ട് നൽകുന്നതിലും വീഴ്ച സംഭവിച്ചു. അന്വേഷണത്തിന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും ഇരക്ക് ലഭിക്കേണ്ടുന്ന നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലും വീഴ്‌ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.