< Back
Kerala
Ashraf
Kerala

മംഗളൂരുവിലെ ആൾക്കൂട്ട കൊലപാതകം; പൊലീസിനെതിരെ വിമർശനം ശക്തം

Web Desk
|
1 May 2025 6:41 AM IST

മംഗളൂരു കുഡുപ്പുവിൽ ഞായറാഴ്ച വൈകിട്ടാണ് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്

കാസര്‍കോട്: മംഗളൂരുവിലെ ആൾക്കൂട്ട കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനം ശക്തമാവുന്നു. മംഗളൂരു പൊലീസിനെതിരെ ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റും രംഗത്ത് വന്നു. മംഗളൂരു കുഡുപ്പുവിലെ ആൾക്കൂട്ട ആക്രമണത്തിന് ബിജെപി നേതാവിൻ്റെ പ്രകോപന പ്രസംഗം കാരണമായിട്ടുണ്ടെന്നും ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് ഹരീഷ് കുമാർ ആരോപിച്ചു.

മംഗളൂരു കുഡുപ്പുവിൽ ഞായറാഴ്ച വൈകിട്ടാണ് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അന്വേഷണത്തിൻ്റെ തുടക്കത്തിൽ മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഉന്നത അധികാരികളെ തെറ്റിദ്ധരിപ്പിച്ചതായും ആരോപണം ഉയരുന്നുണ്ട്. ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് ഹരീഷ് കുമാർ പറഞ്ഞു.

മംഗളൂരുവിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ ബിജെപി നേതാവ് പിസ്റ്റൾ രവി പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. ഇതാണ് ഒരു നിരപരാധിയുടെ കൊലപാതകത്തിലേക്ക് നയിക്കുന്നതിലേക്ക് എത്തിയതെന്നും ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് ഹരീഷ് കുമാർ ആരോപിച്ചു. അതേ സമയം ആൾക്കൂട്ട കൊലപാതകത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് സൂചനയുണ്ട്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.



Similar Posts