< Back
Kerala
മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; ഡിസിപി ഇന്ന് റിപ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചേക്കും
Kerala

മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; ഡിസിപി ഇന്ന് റിപ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചേക്കും

Web Desk
|
9 Feb 2026 6:49 AM IST

പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തെലെന്നാണ് വിവരം

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്‍റെ കാറിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിച്ച തിരുവനന്തപുരം ഡിസിപി ഇന്ന് റിപ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചേക്കും. പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തെലെന്നാണ് വിവരം. മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും മണിയൻപിള്ള രാജുവിന്റെയും മൊഴി അന്വേഷണത്തിൻ്റെ ഭാഗമായി രേഖപ്പെടുത്തിയിരുന്നു.

അപകടമുണ്ടായ ഉടനെ താൻ സ്റ്റേഷനിൽ വിളിച്ച് വിവരമറിയിച്ചിരുന്നില്ലെന്ന് മണിയൻപിള്ള രാജു പറഞ്ഞു. അപകട വിവരം ഉടൻതന്നെ പൊലീസിനെ അറിയിച്ചെന്നായിരുന്നു മണിയൻ പിള്ള രാജു വ്യക്തമാക്കിയിരുന്നത്. രാവിലെ ഏഴരയ്ക്കാണ് മണിയൻപിള്ള രാജു പോലീസുമായി ബന്ധപ്പെട്ടത്. ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. മണിയൻപിള്ള രാജു മദ്യപിച്ചിരുന്നോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ റിപ്പോർട്ടും വൈകാതെ ലഭിക്കും.

കാറപകടത്തിൽ പൊലീസ് വീഴ്ചയില്ലെന്നാണ് ഡിസിപിയുടെ റിപ്പോര്‍ട്ട്. അപകടം നടന്നതിന് പിന്നാലെ പൊലീസ് മണിയൻപിള്ള രാജുവിനെ ബന്ധപ്പെടാൻ ശ്രമിച്ചു. മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ ഉടനെ വൈദ്യപരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഹനാപകടക്കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അപകടം ഉണ്ടായത് മണിയൻപിള്ള രാജുവിന്റെ കാറടിച്ച് ആണെന്ന് മനസിലാക്കിയിട്ടും രാത്രി നടനെയോ വാഹനമോ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നായിരുന്നു പ്രധാന ആരോപണം. യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സിസിടിവി പരിശോധിച്ച പൊലീസിന് വാഹനം മണിയൻപിള്ള രാജുവിന്റേതാണെന്ന് മനസിലായി. പൊലീസ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു.

എന്നാൽ തുടർന്നുള്ള സമയങ്ങളിൽ പൊലീസും മറ്റു പരിശോധന ഒന്നും നടത്തിയില്ലെന്നും മണിയൻപിള്ള രാജുവിനെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. രാത്രി 12 മണിയോടെയാണ് ഒരു അഭിഭാഷകൻ സ്റ്റേഷനിലേക്ക് വിളിച്ച് മണിയൻപിള്ള രാജു പിറ്റേന്ന് രാവിലെ ഹാജരാകുമെന്ന് അറിയിച്ചത്.



Similar Posts