< Back
Kerala
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്:  ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.സുരേന്ദ്രന് നോട്ടീസ് നൽകും
Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.സുരേന്ദ്രന് നോട്ടീസ് നൽകും

Web Desk
|
14 Sept 2021 7:04 AM IST

സുരേന്ദ്രന്റെ സൗകര്യം കൂടി പരിഗണിച്ചാവും ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുക.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാട്ടി ഈ ആഴ്ച നോട്ടീസ് നൽകും. സുരേന്ദ്രന്റെ സൗകര്യം കൂടി പരിഗണിച്ചാവും ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുക.

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത്‌ ബി.എസ്‌.പി സ്ഥാനാർഥിയുടെ പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന. ജില്ലാ ക്രൈംബ്രാഞ്ച്‌ ഈ ആഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് നൽകുമെന്നാണ്‌ സൂചന.

ബി.എസ്‌.പി സ്ഥാനാർഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടർന്ന്‌ കാസർകോട്‌ ചീഫ്‌ ജുഡീജ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിർദേശപ്രകാരമാണ്‌ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്‌. ബദിയടുക്ക പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസ്‌ പിന്നീട്‌ ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.

മാർച്ച്‌ 22ന്‌ കാസർകോട്‌ താളിപ്പടുപ്പിൽ കെ സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വെച്ചാണ്‌ പത്രിക പിൻവലിപ്പിക്കാനുള്ള അപേക്ഷ തയ്യാറാക്കിയത്. കാഞ്ഞങ്ങാട്‌ മുൻസിഫ്‌ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ സുന്ദരയും അമ്മയും ബന്ധുക്കളും പൊലീസിൽ നൽകിയ മൊഴി ആവർത്തിച്ചിരുന്നു. കേസിൽ സാക്ഷി മൊഴികൾക്ക്‌ പുറമെ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റുമാരായ കെ ബാലകൃഷ്‌ണ ഷെട്ടി, സുരേഷ്‌കുമാർ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, ബി.ജെ.പി നേതാക്കളായ സുരേഷ്‌ നായിക്‌, കെ മണികണ്‌ഠ റൈ, മുളരീധര യാദവ്‌ എന്നിവരെ അന്വേഷണ സംഘം ഇത് വരെ ചോദ്യം ചെയ്‌തിട്ടുണ്ട്. സ്ഥാനാർഥിത്വം പിൻവലിക്കാൻ സുന്ദരയെ ഭീഷണിപ്പെടുത്തിയതിനും തടങ്കലിൽ വെച്ചതിനും സുരേന്ദ്രനൊപ്പം ഇവരും പ്രതികളാകുമെന്നാണ്‌ സൂചന.

Related Tags :
Similar Posts