< Back
Kerala
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ജീവനക്കാർ മർദിച്ചതായി പരാതി; മാവോയിസ്റ്റ് തടവുകാരൻ നിരാഹാര സമരത്തിൽ
Kerala

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ജീവനക്കാർ മർദിച്ചതായി പരാതി; മാവോയിസ്റ്റ് തടവുകാരൻ നിരാഹാര സമരത്തിൽ

Web Desk
|
17 Nov 2025 7:44 AM IST

മനോജിനെയും തമിഴ്നാട് സ്വദേശി എൻഐഎ വിചാരണ തടവുകാരനായ അസ്ഹറുദ്ദീനെയും ക്രൂരമായി മർദിച്ച് നിയമവിരുദ്ധമായി വിയ്യൂർ ജയിലിൽ നിന്ന് മാറ്റിയെന്നാണ് പരാതി

തിരുവനന്തപുരം: തൃശൂര്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ജീവനക്കാർ മർദിച്ചെന്ന പരാതിക്ക് പിന്നാലെ നിരാഹര സമരവുമായി തടവുകാരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മാവോയിസ്റ്റ് തടവുകാരനായ തൃശൂർ സ്വദേശി മനോജാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ സമരം നടത്തുന്നത്. മനോജിനെയും തമിഴ്നാട് സ്വദേശി എൻഐഎ വിചാരണ തടവുകാരനായ അസ്ഹറുദ്ദീനെയും ക്രൂരമായി മർദിച്ച് നിയമവിരുദ്ധമായി വിയ്യൂർ ജയിലിൽ നിന്ന് മാറ്റിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസമാണ് തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ അസ്ഹറുദ്ദീൻ, മനോജ് എന്നീ രണ്ട് തടവുകാർ, ഒരു അസിസ്റ്റൻറ് പ്രിസൺ ഓഫീസറെ ആക്രമിച്ചതായി വാർത്തവന്നത്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർ പുറത്തുവിട്ട വിവരം അടിസ്ഥാന രഹിതമാണെന്നാണ് ജസ്റ്റിസ് ഫോർ പ്രിസണേർസ് ആരോപിക്കുന്നത്. വാർഡന്റെ നേതൃത്വത്തിൽ അസ്ഹറുദ്ദീനെയും മനോജിനെയും ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചെന്നും നിയമവിരുദ്ധമായി തൃശൂരിൽ നിന്ന് മാറ്റിയെന്നുമാണ് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മനോജ് കഴിഞ്ഞ നാല് ദിവസമായി നിരാഹാര സമരത്തിലാണ്.

മനോജിനെ തിരുവനന്തപുരം സെൻട്രൽ ജയിലേക്കും അസ്ഹറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്. പുലർച്ചയോടു കൂടി മർദനമേറ്റ് അവശരായ രണ്ട് തടവുകാരെയും ബലം പ്രയോഗിച്ചാണ് തൃശൂരിൽ നിന്ന് മാറ്റിയതെന്നാണ് പരാതി.

അസ്ഹറുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടിട്ടും ഇതുവരെ ചികിത്സ നൽകാൻ ജയിലധികൃതർ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. ജയിലിനുള്ളിൽ ക്രൂര മർദനത്തെക്കുറിച്ച് അന്വേഷിക്കുകയും കാരണക്കാരായ ജയിൽ ജീവനക്കാരുടെ പേരിൽ ക്രിമിനൽ നടപടികൾ അടക്കമുള്ളവ അടിയന്തരമായി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യപ്പെട്ട് ഡിജിപിക്ക് ജസ്റ്റിസ് ഫോർ പ്രിസണേർസ് പരാതി നൽകിയിട്ടുണ്ട്.


Similar Posts