< Back
Kerala
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Kerala

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Web Desk
|
28 July 2025 4:08 PM IST

'രാജ്യത്ത് ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഈ സംഭവം ഭീതി സൃഷ്ടിച്ചിരിക്കുകയാണ്'

കൊച്ചി: ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും വേദനാജനകവുമാണെന്ന് സിബിസിഐ പ്രസിഡണ്ടും തൃശൂര്‍ അതിരൂപത അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

രാജ്യത്തെ മതേതര ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണിത് എന്നതില്‍ സംശയമില്ല. ദുര്‍ഗ് സംഭവം രാജ്യത്ത് ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.

സന്യസ്തര്‍ക്ക് സഭാ വസ്ത്രം ധരിച്ച് രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തുടര്‍ സംഭവങ്ങളില്‍ ഒന്നു മാത്രമാണ് ദുര്‍ഗ് സംഭവം. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ താഴത്ത് ആവശ്യപ്പെട്ടു.

അതെ സമയം ഈ വിഷയത്തെ ഒരു രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സഭ യോജിക്കുന്നില്ല. രാഷ്ട്രീയ പ്രേരിതമായ കുറ്റപ്പെടുത്തലുകളല്ല, ക്രൈസ്തവ ന്യുനപക്ഷത്തിന് സംരക്ഷണം ഉറപ്പാക്കുന്ന നടപടികളാണ് ഉണ്ടാവേണ്ടത്. അതിനു എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്.

കാക്കനാട് സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൌണ്ട് സെന്റ് തോമസില്‍ വച്ചു നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് തറയില്‍, എകെസിസി പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പില്‍, സീറോ മലബാര്‍ സഭ പി ആര്‍ ഓ ഫാ ടോം ഒലിക്കാരോട്ട് എന്നിവരും സംസാരിച്ചു.

Similar Posts