Kerala
Martin Sebastian arrested in rape case
Kerala

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ

Web Desk
|
2 Feb 2023 2:23 PM IST

90കളിൽ ഏറെ ചർച്ചയായ ആട് തേക്ക് മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയാണ് മാർട്ടിൻ

കൊച്ചി: ആട്, തേക്ക് മാഞ്ചിയം തട്ടിപ്പുകേസ് പ്രതി മാർട്ടിൻ സെബാസ്റ്റ്യൻ പീഡനക്കേസിൽ അറസ്റ്റിൽ. തൃശൂർ സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. സിനിമയിൽ അവസരവും വിവാഹ വാഗ്ദാനവും നൽകി രാജ്യത്ത് പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ മാസമാണ് പെൺകുട്ടി പരാതിയുമായി എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മാർട്ടിനെതിരെ കേസെടുത്തെങ്കിലും ഇയാൾ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നാലു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. ഇതേത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി മാർട്ടിനെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.-

90കളിൽ ഏറെ ചർച്ചയായ കേസായിരുന്നു ആട് തേക്ക് മാഞ്ചിയം. ആയിരം രൂപ നൽകിയാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം തിരിച്ചു നൽകാം എന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതര സംസ്ഥാനങ്ങളിൽ ആടും തേക്കുമടക്കം വളർത്തി പൈസ നൽകാമെന്നായിരുന്നു മാർട്ടിൻ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

Similar Posts