< Back
Kerala
കോട്ടയം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം
Kerala

കോട്ടയം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം

Web Desk
|
13 Feb 2023 1:47 PM IST

കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.

കോട്ടയം:‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടിത്തം. സർജിക്കൽ വാർഡിന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്‌.

ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സംഭവം. ആദ്യം ചെറിയ തീ പടരുന്നതാണ് ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും കണ്ടത്. ഉടൻ ആളിപ്പടരുകയായിരുന്നു.

ഇതോടെ, തീയണയ്ക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടൻ ഫയർഫോഴ്‌സിനെ വിളിക്കുകയും ആദ്യ യൂണിറ്റെത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും തീ ആളിക്കത്തുകയായിരുന്നു.

വീണ്ടും രണ്ട് യൂണിറ്റുകൾ കൂടിയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എട്ട് നിലയുള്ള കെട്ടിടമായതിനാൽ മുകൾ നിലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും തുടരുന്നു.

തീയും പുകയും ഉയർന്നതോടെ സമീപ വാർഡിലെ നൂറിലധികം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു. ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയുടെ മൂന്നാം വാർഡിന്റെ പിൻഭാഗത്തായാണ് പുതിയ എട്ട് നില കെട്ടിടം നിർമിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും മെഡിക്കൽ കോളജിൽ തീപിടിത്തം ഉണ്ടായിരുന്നു.

Similar Posts