< Back
Kerala
Mathew Kuzhalnadan MLA supports Deepti Mary Varghese
Kerala

'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർ​ഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ

Web Desk
|
23 Dec 2025 8:33 PM IST

മേയർ സ്ഥാനത്തേക്ക് തന്നെ പരി​ഗണിക്കാതിരുന്നതിൽ എതിർപ്പ് അറിയിച്ച് ദീപ്തി മേരി വർ​ഗീസ് രം​ഗത്തെത്തിയിരുന്നു.

കൊച്ചി: കൊച്ചി കോർപറേഷൻ മേയർ സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടാതിരുന്ന ദീപ്തി മേരി വർ​ഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടുമെന്നും രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദീപ്തിയുടെ ചിത്രം പങ്കുവച്ചാണ് മാത്യു കുഴൽനാടന്‍റെ പോസ്റ്റ്.

മേയർ സ്ഥാനത്തേക്ക് തന്നെ പരി​ഗണിക്കാതിരുന്നതിൽ എതിർപ്പ് അറിയിച്ച് ദീപ്തി മേരി വർ​ഗീസ് രം​ഗത്തെത്തിയിരുന്നു. വി.കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം മേയർ സ്ഥാനം നൽകിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ദീപ്തി അറിയിച്ചത്. തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നുവെന്നും മേയറെ നിശ്ചയിച്ചതില്‍ കെപിസിസി മാനദണ്ഡങ്ങള്‍ മറികടന്നുവെന്നും ചൂണ്ടിക്കാട്ടി ദീപ്തി കെപിസിസി അധ്യക്ഷന് പരാതി നൽകുകയും ചെയ്തിരുന്നു.

ആദ്യ രണ്ടര വര്‍ഷം മിനിമോളും അടുത്ത രണ്ടര വര്‍ഷം ഷൈനി മാത്യുവും മേയറാകുമെന്ന് ഇന്ന് ചേര്‍ന്ന എറണാകുളം ഡിസിസി കോര്‍ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. ദീപക് ജോയിയാണ് ഡെപ്യൂട്ടി മേയറാകുക. ഷൈനി മാത്യൂ, ദീപ്തി മേരി വര്‍ഗീസ് എന്നിവരെ പരിഗണിക്കുന്നുവെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നത്.

കൊച്ചി മേയര്‍ ആരായിരിക്കുമെന്നതിനെ ചൊല്ലി യുഡിഎഫ് നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഭിന്നത രൂക്ഷമായിരുന്നു. തീരുമാനം ഡിസിസി തലത്തില്‍ തന്നെ എടുക്കട്ടെയെന്ന നിലപാട് കെപിസിസി സ്വീകരിച്ചതോടെയാണ് എറണാകുളം ഡിസിസി കോര്‍ കമ്മിറ്റിയുടെ യോഗത്തില്‍ ധാരണയായത്. വിഷയത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചിരുന്നു.


Similar Posts