
മാവേലി എക്സ്പ്രസ് വൈകി; യാത്രക്കാർക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
|കോടതി ചെലവിനായി 2500 രൂപ നൽകാനും ഉത്തരവ്
തിരുവനന്തപുരം: ട്രെയിൻ വൈകിയതിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി. 2017ൽ തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ട മാവേലി എക്സ്പ്രസ് വൈകിയതിൽ ആണ് വിധി. 10000 രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്
കോടതി ചെലവിനായി 2500 രൂപ നൽകാനും കോടതി ഉത്തരവിട്ടു. മൂകാംബിക യാത്രക്കാരായ അഞ്ച് പേരാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അഞ്ച് യാത്രക്കാർക്കും 10,000 രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.
യാത്രക്കാർ 2017 ഓഗസ്റ്റ് 10നായിരുന്നു തിരുവനന്തപുരത്തു നിന്നുള്ള മാവേലി എക്സ്പ്രസിൽ മംഗളൂരുവിലേക്ക് യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മാവേലി എക്സ്പ്രസ് 8:20ന് മംഗളൂരു സെൻട്രൽ സ്റ്റേഷന്റെ ഔട്ടറിൽ എത്തിയെങ്കിലും, പ്ലാറ്റ്ഫോം ഉണ്ടായിരുന്നിട്ടും സ്റ്റേഷനിൽ പ്രവേശിപ്പിച്ചില്ല എന്നായിരുന്നു യാത്രക്കാരുടെ പരാതി. 9.08ന് മാത്രമാണ് ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയത്.
മംഗളൂരുവിൽ നിന്ന് ബൈന്ദൂർ സ്റ്റേഷനിലേക്ക് പോകാൻ മംഗളൂരു-കാർവാർ എക്സ്പ്രസിലും ഇവർ ടിക്കറ്റെടുത്തിരുന്നു. ട്രെയിൻ രാവിലെ ഒൻപത് മണിക്ക് പുറപ്പെടേണ്ടതായിരുന്നു. മാവേലി എക്സ്പ്രസ് വൈകിയതോടെ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല. ഇത് ധനനഷ്ടവും മാനസിക വേദനയും ഉണ്ടാക്കിയെന്നും കാണിച്ചാണ് ഇവർ പരാതി നൽകിയത്. യാത്രക്കാരിൽ ഒരാളായ അഡ്വ. രവികൃഷ്ണൻ എൻ.ആർ ആണ് കേസ് വാദിച്ചത്.