
പാലാ നഗരസഭ അധ്യക്ഷ സ്ഥാനം; തനിക്കും അർഹതയുണ്ടെന്ന് മായ രാഹുൽ
|ആദ്യ ടേം അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം മായ യുഡിഫ് നേതൃത്വത്തെ അറിയിക്കും
കോട്ടയം: പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തിന് തനിക്കും അർഹതയുണ്ടെന്ന് കോൺഗ്രസ് വിമത മായ രാഹുൽ. വിജയിച്ച നാലു സ്വതന്ത്രരിൽ ഒരാളായ മായ കൂടി പിന്തുണച്ചാൽ മാത്രമെ യുഡിഫിന് കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവു. ആദ്യ ടേം അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം മായ യുഡിഫ് നേതൃത്വത്തെ അറിയിക്കും.
സ്വതന്ത്രർ ഭരണം തീരുമാനിക്കുന്ന പാലാ നഗരസഭയിൽ സ്വതന്ത്രരുടെ പിന്തുണ യുഡിഫ് നേരത്തെ പ്രതീക്ഷിച്ചിരുന്നു. മുൻ സിപിഎം അംഗം ബിനു പുളിക്കാക്കണ്ടം, മകൾ ദിയ, സഹോദരൻ ബിജു എന്നിവർക്കൊപ്പം കോൺഗ്രസ് വിമതയായി മത്സരിച്ചു ജയിച്ച മായ രാഹുലും പിന്തുണ നൽകുമെന്നും കണക്കുകൂട്ടി. കേവല ഭൂരിപക്ഷത്തിനു വേണ്ട 14 സീറ്റിലേക്ക് എത്താൻ യുഡിഫിന് മായയുടെ പിന്തുണ കൂടിയേ തീരു. ബിനു പുളിക്കാകണ്ടത്തിൻ്റെ മകൾക്ക് ചെയർ പേഴ്സൺ സ്ഥാനം നൽകി ഭരണം ഉറപ്പാക്കാൻ തീരുമാനിച്ച യുഡിഫിന് മേൽ വെള്ളിടിയായി മായയുടെ അവകാശവാദം.
ബിനു പുളിക്കാക്കണ്ടവും കുടുംബാംഗങ്ങളും യുഡിഫിനെ പിന്തുണക്കുകയും മായ എൽഡിഎഫിനെ പിന്തുണക്കുകയും ചെയ്താൽ ഇരുമുന്നണികളും തമ്മിൽ 13 സീറ്റ് വീതം തുല്യത പാലിക്കും. അങ്ങനെയെങ്കിൽ നറുക്കെടുപ്പിലൂടെ മാത്രമെ അധ്യക്ഷയെ തെരഞ്ഞെടുക്കാൻ കഴിയു. നഗരസഭ പ്രതിപക്ഷ നേതാവും കോൺ ഗ്രസ് മണ്ഡലം പ്രസിഡൻ്റുമായ സതീശ് ചൊല്ലാനിയെ തോൽപ്പിച്ചാണ് മായ വിജയിച്ചത്. പ്രതിസന്ധി മറികടക്കാൻ UDF അനുനയ നീക്കം സജീവമാക്കി.