< Back
Kerala
വിശ്വാസ്യത  നഷ്ടപ്പെട്ടു; ബാർക്കുമായി ബന്ധം വിച്ഛേദിച്ച് മീഡിയവൺ
Kerala

വിശ്വാസ്യത നഷ്ടപ്പെട്ടു; ബാർക്കുമായി ബന്ധം വിച്ഛേദിച്ച് മീഡിയവൺ

Web Desk
|
29 Oct 2025 6:00 PM IST

വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതോടെയാണ് ബാർക്കിൽ നിന്ന് പിന്മാറാനുള്ള മീഡിയവൺ തീരുമാനം.ബാർക്കിന്റെ കണക്കുകൾ അപ്പാടെ നിരാകരിക്കുന്നതാണ് ഓരോ ആഴ്ചയിലെയും ഡിജിറ്റൽ വഴിയുള്ള വ്യൂവർഷിപ്പ്. മലയാള ചാനലുകളുടെ ലൈവ് യൂട്യൂബ് കാഴ്ചക്കാരിലും നോണ്‍ ലൈവ് കാഴ്ചക്കാരിലും എപ്പോഴും മുൻനിരയിലാണ് മീഡിയവൺ. എന്നാൽ ബാർക്കിന്റെ പട്ടികയിൽ ഇതിന്റെ അടുത്തുപോലും വരുന്ന സ്ഥാനമില്ല. ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ ബോധ്യം വരുന്ന ഈ അപാകം പരിഹരിക്കാൻ ബാർക്ക് തയ്യാറാകുന്നുമില്ല. NDTV ക്ക് ശേഷം ബാർക് ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാര്‍ത്താചാനലാണ് മീഡിയവൺ

കോഴിക്കോട്: ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജൻസിയായ ബാർക്കുമായി ബന്ധം വിച്ഛേദിച്ച് മീഡിയവൺ. ബാർക്ക് കണക്കുകളെക്കുറിച്ച് മീഡിയവൺ ഉന്നയിച്ച സംശയങ്ങൾക്ക് വിശ്വാസ്യയോഗ്യമായ മറുപടി ലഭിക്കാത്തതിനെതുടർന്നാണ് തീരുമാനം. മീഡിയവണിന്റെ ഉയർന്ന പ്രേക്ഷക പിന്തുണ റേറ്റിങ്ങിൽ പ്രതിഫലിക്കാത്തത് കൃത്യമായി വിശദീകരിക്കാൻ ബാർക്ക് അധികൃതർക്കായില്ല

വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതോടെയാണ് ബാർക്കിൽ നിന്ന് പിന്മാറാനുള്ള മീഡിയവൺ തീരുമാനം. റേറ്റിങ് കണക്കാനെടുക്കുന്ന തീരെ ചെറിയ സാംപിൾ സൈസും മീറ്ററുകളുടെ അശാസ്ത്രീയ വിന്യാസവുമാണ് ബാർക്കിന്റെ പ്രധാന പ്രശ്നം. ആകെയുള്ള 86 ലക്ഷം ടിവികളിൽ ബാർക്ക് മീറ്ററുള്ളത് വെറും 1500 ൽ താഴെ മാത്രം ഇടങ്ങളിൽ. അതുപോലും കേരളത്തിലെ എല്ലാ പ്രദേശങ്ങളെയോ ജനവിഭാഗങ്ങളെയോ ആനുപാതികമായി ഉൾക്കൊള്ളുന്ന തരത്തിലല്ല.മാത്രമല്ല, ഈ മീറ്ററുകൾ പുറമേനിന്ന് നിയന്ത്രിക്കാനും കൃത്രിമം കാണിക്കാനും കഴിയുമെന്ന ആരോപണമുണ്ട്.

അർണബ് ഗോസ്വാമിക്കെതിരായ കേസ് ഉദാഹരണം. കോടികൾ വാരിയെറിഞ്ഞ് ലാന്‍ഡിങ് പേജ് സെറ്റ് ചെയ്യുന്നത് മറ്റൊരു പ്രശ്നം. ബാർക്കിന്റെ കണക്കുകൾ അപ്പാടെ നിരാകരിക്കുന്നതാണ് ഓരോ ആഴ്ചയിലെയും ഡിജിറ്റൽ വഴിയുള്ള വ്യൂവർഷിപ്പ്. മലയാള ചാനലുകളുടെ ലൈവ് യൂട്യൂബ് കാഴ്ചക്കാരിലും നോണ്‍ ലൈവ് കാഴ്ചക്കാരിലും എപ്പോഴും മുൻനിരയിലാണ് മീഡിയവൺ. കഴിഞ്ഞയാഴ്ചയിൽ മാത്രം ആകെ മൂന്ന് കോടി അറുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം കാഴ്ചക്കാർ. എന്നാൽ ബാർക്കിന്റെ പട്ടികയിൽ ഇതിന്റെ അടുത്തുപോലും വരുന്ന സ്ഥാനമില്ല. ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ ബോധ്യം വരുന്ന ഈ അപാകം പരിഹരിക്കാൻ ബാർക്ക് തയ്യാറാകുന്നുമില്ല.

ഈ സാഹചര്യത്തിലാണ് ബാർക്കുമായി ബന്ധം വിച്ഛേദിക്കാൻ മീഡിയവൺ തീരുമാനിച്ചതെന്ന് എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. ‘ഡിജിറ്റലിൽ ഞങ്ങൾ ഒന്നാം സ്ഥാനത്തായിരിക്കുമ്പോൾ ബാർക്കിൽ പത്താം സ്ഥാനത്തായിരിക്കുന്ന പരിപാടിയുടെ പേരാണ് വഞ്ചന,തട്ടിപ്പ്,അക്രമം,നെറികേട്. പ്രേക്ഷകരുടെ തെരഞ്ഞെടുപ്പിനെ അതീവരഹസ്യമായി നിഗൂഢമായി അട്ടിമറിക്കുന്ന പരിപാടിയാണ് ബാർക്ക്. ആ റേറ്റിങ് വെച്ചിട്ടാണ് കേരളത്തിൽ നാലായിരം മുതൽ അയ്യായി​രം കോടിരൂപയുടെ ബിസിനസ് നടക്കുന്നത്.ആരൊക്കെയാണ് കബളിക്കപ്പെടുന്നത്. മീഡിയവണിന് പതിനൊന്ന് വർഷം നീണ്ട അതിന്റെ പ്രവർത്തന ചരിത്രത്തിലൂടെ കൈവന്നിട്ടുള്ള അതിശക്തമായ പ്രേക്ഷകപിന്തുണയും വിശ്വാസ്യതയും ഉണ്ട്. ബാർക്കിന്റെ ചാർട്ട്കാണിച്ചാൽ പൊട്ടിപ്പോന്നതല്ല ഈ ചാനലും അതിന്റെ പ്രേക്ഷകരും തമ്മിലുള്ള മാധ്യമപ്രവർത്തനത്തിലെ നേരും നന്മയും മുൻനിർത്തിയുള്ള ഉടമ്പടി. അതിനേക്കാൾ വിലമതിക്കുന്നതല്ല ഏത് ഏജൻസിയുടെയും റേറ്റിങ്ങ് ചാർട്ട്. ബാർക്കിന്റെ കണക്കെടുപ്പിലെ അപാകങ്ങളെക്കുറിച്ചുള്ള പരാതികൾ അതേ പ്ലാറ്റ്ഫോമിൽ നേരിട്ടും ഇ-മെയിൽ വഴിയും മീഡിയവൺ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. പ​ക്ഷെ ഒരിക്കലും ഗുണകരമായ മാറ്റം ഉണ്ടാകുന്ന തരത്തിലുള്ള നടപടി ബാർക്കിൽ നിന്നുണ്ടായിട്ടില്ലെന്നും എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു.

NDTV ക്ക് ശേഷം ബാർക് ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വാര്‍ത്താചാനലാണ് മീഡിയവൺ.ആധികാരികതയും വിശ്വാസ്യതയും വീണ്ടെടുക്കും വരെ ബാർകിന്റെ കൊട്ടക്കണക്കുകൾ വേണ്ട. നേരിന്റെ വഴിയിൽ അതിശക്തമായ പ്രേക്ഷകപിന്തുണയോടെ ഞങ്ങൾ ഇവിടെ തുടരും.

Related Tags :
Similar Posts