< Back
Kerala
കുട്ടിയുടെ കയ്യിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണമായി; പത്തനംതിട്ട ജന. ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം
Kerala

'കുട്ടിയുടെ കയ്യിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണമായി'; പത്തനംതിട്ട ജന. ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

Web Desk
|
12 Sept 2025 8:27 AM IST

ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്‌

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം.കൈക്ക് പരിക്കേറ്റ് എത്തിയ ഓമല്ലൂർ സ്വദേശികളായ ദമ്പതികളുടെ ഏഴുവയസ്സുള്ള മകനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്ചയെന്നാണ് പരാതി. ആരോഗ്യമന്ത്രി വീണാജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിക്കെതിരെയാണ് ഈ ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.

കൈക്ക് സംഭവിച്ച ചതവ് ചികിത്സിക്കാതെ പ്ലാസ്റ്റർ ഇടുകയായിരുന്നു. കുട്ടിയുടെ കൈ പഴുത്ത് വ്രണമാകുകയും കഠിന വേദനമൂലം ആശുപത്രിയിലെത്തിയപ്പോൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചെന്നും പിതാവ് മനോജ് പറഞ്ഞു.രണ്ടാഴ്ച മുന്‍പാണ് ഇവരുടെ മകന്‍ മനു സൈക്കിളില്‍ നിന്ന് വീണ് കൈപ്പത്തിക്ക് പരിക്കേല്‍ക്കുന്നത്. കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.അസ്ഥിക്ക് പൊട്ടലുണ്ടെന്ന് പറഞ്ഞ് കൈക്ക് പ്ലാസ്റ്ററിടുകയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ അസഹ്യമായ വേദനയും കൈയില്‍ നിന്ന് പഴുപ്പ് വരികയും ചെയ്തു.

വീണ്ടും ഇതേ ഡോക്ടറെ വന്ന് കാണിച്ചപ്പോഴും അസ്ഥിക്ക് പൊട്ടലുണ്ടായാല്‍ വേദനയുണ്ടാകുമെന്ന് പറഞ്ഞ് വീണ്ടും മടക്കി അയക്കുകയായിരുന്നെന്നും പിതാവ് പറയുന്നു.എന്നാല്‍ രക്തവും പഴുപ്പും പുറത്ത് വന്നപ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനാണ് മറുപടി ലഭിച്ചത്.എന്നാല്‍ പിതാവ് മറ്റൊരു ഡോക്ടറോട് ഇക്കാര്യം സംസാരിച്ചപ്പോഴാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞത്.

കുട്ടിയുടെ കൈക്ക് ഗുരുതരമായ ചതവുണ്ടായിരുന്നുവെന്നും ഇത് പരിഗണിക്കാതെ പ്ലാസ്റ്ററിട്ടതെന്നും അതുകൊണ്ടാണ് പഴുപ്പ് ഉണ്ടായതെന്നും ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ കൈക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുട്ടിയുടെ നില ഭേദപ്പെട്ടുവരികയാണെന്ന് തിരുവല്ലയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു.


Similar Posts