
'ജാമ്യാപേക്ഷയുടെ മറവിൽ മെഡിക്കൽ ടൂറിസം'; ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ജാമ്യാപേക്ഷക്കെതിരെ ഹൈക്കോടതി
|ഓഫർ തട്ടിപ്പ് കേസ് പ്രതി കെ.എന്‍ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമര്‍ശനം
എറണാകുളം: ഉന്നതരുടെ ജാമ്യാപേക്ഷ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമെന്ന് ഹൈക്കോടതിയുടെ വിമർശനം. ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ജാമ്യാപേക്ഷക്കെതിരായാണ് വിമർശനം. ജയിലിന് പകരം ആശുപത്രിയിലേക്ക് പോകുന്നത് ആസ്വദിക്കുകയാണ് പലരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓഫർ തട്ടിപ്പ് കേസ് പ്രതി കെ.എന്‍ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമര്‍ശനം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പ്രൊസിക്യൂഷൻ അറിയിച്ചാല്‍ മാത്രം വാദം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കോടികളുടെ ഓഫർ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സായ് ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിനെ ഈ മാസം 12 ന് കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന് നിരവധി പ്രമുഖരെ പരിചയപ്പെടുത്തി കൊടുത്തത് ആനന്ദകുമാറാണ്. അതിനാൽ നിർണായകമായ പല വിവരങ്ങളും ഇയാളിൽനിന്ന് പൊലീസിന് ലഭിക്കേണ്ടതുണ്ട്.
ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് വൻ തോതിൽ പണവും എത്തിയിട്ടുണ്ട്. എന്നാൽ ഇത് സായ് ട്രസ്റ്റിനായി വാങ്ങിയതാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നുമാണ് ഇയാൾ കോടതിയെ അറിയിച്ചത്. കേസിൽ രണ്ടാം പ്രതിയായ ആനന്ദകുമാർ ഒരു മാസത്തോളം ഒളിവിലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്.
സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ 5 അംഗങ്ങൾ ആണുള്ളത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
തട്ടിപ്പിൽ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു ആനന്ദകുമാറിന്റെ വാദം. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു.