
Union Minister Meenakshi Lekhi
ഭാരത് മാതാ കീ ജയ് ഏറ്റുവിളിച്ചില്ല; കോഴിക്കോട്ടെ ചടങ്ങിൽ ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
|എവേക്ക് യൂത്ത് ഫോർ നാഷൻ പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ ക്ഷോഭം
കോഴിക്കോട് നടന്ന ചടങ്ങിൽ സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം സദസിലുള്ളവർ ഏറ്റ് വിളിക്കാതിരുന്നതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഭാരതം അമ്മയല്ലെങ്കിൽ ഇവിടം വിട്ട് പോകാമെന്നും മന്ത്രി പറഞ്ഞു. എവേക്ക് യൂത്ത് ഫോർ നാഷൻ പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ ക്ഷോഭം.

പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ഭാരത് മാതാ കീ വിളിച്ചു കൊടുത്തപ്പോൾ സദസ്സിന്റെ ഒരു ഭാഗത്ത് നിന്ന് ശബ്ദം വളരെ കുറവായിരുന്നു. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ശബ്ദം അധികം ഉയരാതിരുന്ന ഭാഗത്തേക്ക് കൈ ചൂണ്ടിയ മന്ത്രി മഞ്ഞ വസ്ത്രമണിഞ്ഞ സ്ത്രീയോട് എഴുന്നേറ്റ് നിൽക്കാനും ആവശ്യപ്പെട്ടു. ഭാരതം നിങ്ങളുടെ അമ്മയല്ലേയെന്നും നിങ്ങൾക്കതിൽ അഭിമാനം തോന്നുന്നില്ലേയെന്നും ചോദിച്ചു. ചിലർ കൈകെട്ടി നിൽക്കുകയാണെന്നും പറഞ്ഞു. സദസ്സിലുള്ളവരെ ഭാരത് മാതാ കീ ജയ് വിളിക്കാൻ നിർബന്ധിച്ച മന്ത്രി എല്ലാവരും വിളിക്കുന്നത് വരെ മുദ്രാവാക്യം മുഴക്കി.