
മുട്ടിൽ മരം കൊള്ള അന്വേഷിച്ച മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ സമീറിന് സ്ഥലം മാറ്റം
|സ്ഥലംമാറ്റം സാധാരണ നടപടി മാത്രമാണെന്നാണ് വനം വകുപ്പ് വിശദീകരണം
മുട്ടിൽ മരം കൊള്ള അന്വേഷിച്ച മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ സമീറിനെ സ്ഥലം മാറ്റി. വയനാട്ടിൽ നിന്ന് വാളയാർ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളിലേക്കാണ് സ്ഥലംമാറ്റം. ഡി. ഹരിലാലാണ് പുതിയ റെയ്ഞ്ച് ഓഫീസർ. സ്ഥലംമാറ്റം സാധാരണ നടപടി മാത്രമാണെന്നാണ് വനം വകുപ്പ് വിശദീകരണം.
കേരളത്തെ ഇളക്കിമറിച്ച മുട്ടിൽ മരംകൊള്ളയിൽ ധീരമായ നടപടികളെടുത്ത് ശ്രദ്ധേയനായിരുന്നു എം കെ സമീർ. മുട്ടിലിൽ നിന്ന് കടത്തിയ ഈട്ടിത്തടികൾ എറണാകുളത്തു നിന്നു പിടികൂടി വയനാട്ടിലെത്തിക്കുകയും വനംവകുപ്പിന്‍റെ അന്വേഷണത്തിനു നേതൃത്വം നൽകുകയും ചെയ്ത മേപ്പാടി റെയ്ഞ്ച് ഓഫീസർ, കേസിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനു മുമ്പാണ് ചുരമിറങ്ങുന്നത്.
മേലുദ്യോഗസ്ഥരിൽ നിന്നടക്കം വലിയ സമ്മർദങ്ങൾ നേരിട്ടിരുന്ന സമീറിനെതിരെ സോഷ്യൽ ഫോറസ്റ്ററി അസി. കൺസർവേറ്റർ എൻ.ടി സാജൻ റിപ്പോർട്ട് തയ്യാറാക്കിയത് നേരത്തെ വിവാദമായിരുന്നു. വയനാട്ടിലെത്തി ഒരു വർഷമാകുന്നതിന് മുൻപാണ് സമീറിന്‍റെ മടക്കം.
മുട്ടിൽ കേസ് അന്വേഷിച്ച ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി ബെന്നി എന്നിവരെ സ്ഥലംമാറ്റിയതും നേരത്തെ വിവാദമായിരുന്നു. അതേസമയം, മുട്ടിൽ മരം മുറിയിൽ വനം വകുപ്പിന്‍റെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ എം.കെ സമീറിന്‍റെ സ്ഥലംമാറ്റം സാധാരണ നടപടി മാത്രമെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷ നൽകിയതാണെന്ന് എം.കെ സമീറും പ്രതികരിച്ചു.