< Back
Kerala
Messi wont come as long as this government exists Says K Muraleedharan

Photo| Special Arrangement

Kerala

ഈ സർക്കാർ ഉള്ളിടത്തോളം കാലം മെസ്സി വരില്ല; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച മന്ത്രി മാപ്പ് പറയണം: കെ. മുരളീധരൻ

Web Desk
|
25 Oct 2025 7:08 PM IST

'മെസ്സിയുടെ പേരിൽ ജനങ്ങളെ പറ്റിക്കാൻ നോക്കിയതാണ്'.

തിരുവനന്തപുരം: മെസ്സി കേരളത്തിലേക്ക് അടുത്ത കാലത്തൊന്നും വരില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. ഈ സർക്കാർ ഉള്ളിടത്തോളം കാലം മെസ്സി വരില്ലെന്നും മെസ്സിയുടെ പേരിൽ ജനങ്ങളെ പറ്റിച്ചതായും കെ. മുരളീധരൻ മീഡിയവണിനോട് പറഞ്ഞു.

‌മെസ്സിയെ വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉൾപ്പെടെ ശ്രമിച്ചത്. കേരളത്തിലെ സ്പോർട്സ് പ്രേമികളോട് മന്ത്രി മാപ്പ് ചോദിക്കണം. ഈ സർക്കാർ പോകുന്നതുവരെ മെസ്സി വരില്ലെന്നാണ് പുതുതായി കിട്ടിയ വിവരമെന്നും അദ്ദേഹം പ്രതികരിച്ചു.

നവംബറില്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണ്‍സര്‍മാര്‍ വ്യക്തമാക്കിയിരുന്നു. നവംബറിൽ ടീം സ്പെയിനിൽ പരിശീലനത്തിന് പോകും എന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്പോണ്‍സര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവയ്ക്കാൻ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള ചർച്ചയിൽ ധാരണയായെന്നും സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജന്റീന ടീം കേരളത്തിൽ വരുന്നതിന് തടസമെന്നാണ് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പ്രതികരിച്ചത്. സ്റ്റേഡിയം നവീകരണത്തിന് സ്പോൺസറും സർക്കാർ തമ്മിൽ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല.

നവംബറിൽ അംഗോളയുമായാണ് അർജന്റീനയുടെ സൗഹൃദ മത്സരം. ടൂറിലെ ഏക സൗഹൃദ മത്സരം അംഗോളയുമായാണെന്നും ഔദ്യോഗിക അറിയിപ്പിലൂടെ ടീം വ്യക്തമാക്കിയിരുന്നു. കേരളത്തെക്കുറിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിരുന്നില്ല.

നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്നാണ് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്. അർജന്റീന ടീം കൊച്ചിയിൽ വന്ന് ആസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം.


Similar Posts