< Back
Kerala
Meta handed over information to the police in KJ Shines Cyber Attack complaint

Photo| Special Arrangement

Kerala

കെ.ജെ ഷൈനിന്റെ പരാതി: പൊലീസിന് വിവരങ്ങൾ കൈമാറി മെറ്റ

Web Desk
|
30 Sept 2025 3:05 PM IST

ഷൈനിനെതിരായ അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റുകളുടെ ആധികാരികത ഉറപ്പിക്കാനാണ് പൊലീസ് മെറ്റയോട് വിശദാംശം തേടിയത്.

കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈൻ നൽകിയ അപകീർത്തി കേസിൽ മെറ്റ പൊലീസിന് വിവരങ്ങൾ കൈമാറി. അഞ്ച് ലിങ്കുകളുടെ വിവരങ്ങളാണ് കൈമാറിയത്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുകയാണ് പൊലീസ്. 13 ലിങ്കുകളാണ് പൊലീസ് മെറ്റയ്ക്ക് നൽകിയിരുന്നത്.

ഷൈനിനെതിരായ അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റുകളുടെ ആധികാരികത ഉറപ്പിക്കാനാണ് പൊലീസ് മെറ്റയോട് വിശദാംശം തേടിയത്. ഇനി എട്ട് ലിങ്കുകളുടെ വിശദാംശം കൂടി ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണൻ ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ വിധി വരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരത്തെ യൂട്യൂബർ കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു.

കെ.എം ഷാജഹാന്റെ അറസ്റ്റിൽ പൊലീസിന് സല്യൂട്ട് അടിച്ച് കെ.ജെ ഷൈൻ രം​ഗത്തെത്തിയിരുന്നു. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം. കെ.എം ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും കെ. ജെ. ഷൈൻ പറഞ്ഞിരുന്നു. പോരാട്ടം തുടരും, സർക്കാരിന് നന്ദി. ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും ഷൈൻ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസും ചേർന്ന് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സംഘം ഷാജഹാന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. യൂട്യൂബ് ചാനലിലൂടെ ഷൈനിനെതിരെ ഷാജഹാൻ വീഡിയോ ചെയ്തിരുന്നു. ഇതാണ് കേസിനാധാരം.

ഷൈനിന്റെ പരാതിയിൽ ഗോപാലകൃഷ്ണൻ ഒന്നാം പ്രതിയും കെ.എം ഷാജഹാൻ രണ്ടാം പ്രതിയുമാണ്. ഇവർക്കു പുറമെ യൂട്യൂബറായ 'കൊണ്ടോട്ടി അബുവി'നെ കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചരണം നടത്തിയതിനാണ് കേസ്.



Similar Posts