< Back
Kerala
ഇടുക്കിയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Kerala

ഇടുക്കിയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Web Desk
|
1 Oct 2023 1:58 PM IST

കോൺക്രീറ്റ് മിക്‌സർ മെഷീനും മോട്ടോറുകളുമായി മൂന്നാറിൽ നിന്ന് വാഴക്കുളത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഇടുക്കി: അടിമാലിക്ക് സമീപം ചീയപ്പാറയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി അഷ്കർ അലി (26) ആണ് മരിച്ചത്.

രാവിലെ 11.30ഓടെയായിരുന്നു സംഭവം. കോൺക്രീറ്റ് മിക്‌സർ മെഷീനും മോട്ടോറുകളുമായി മൂന്നാറിൽ നിന്ന് വാഴക്കുളത്തേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അടിമാലിക്കും നേര്യമംഗലത്തിനും ഇടയിൽ ചീയപ്പാറയ്ക്ക് സമീപം ചാക്കോച്ചിവളവിൽ വച്ചായിരുന്നു അപകടം.

അഷ്‌കറായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്‌സ് അംഗങ്ങളുമടങ്ങുന്ന രക്ഷാപ്രവർത്തകർ അഷ്‌കറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഷ്‌കർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

ഇന്നലെ രാത്രി 12:30ഓടെ എറണാകുളം പറവൂർ ഗോതുരുത്തിൽ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചിരുന്നു.

കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അജ്മൽ, അദ്വൈത് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Similar Posts