
എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കൽ ഫാസിസ്റ്റ് രീതി; രാഹുലിനെ അയോഗ്യനാക്കിയ നടപടി ഭീരുത്വമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ
|ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങിക്കേൾക്കുന്നതെന്ന് ഐഎൻഎൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: മോദി പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ വിമർശനവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഭീരുത്വമാണെന്നും എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് ഫാസിസ്റ്റ് രീതിയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അധികാരത്തിൻ്റെ ചതുരോപായങ്ങളിലൂടെ നടപ്പിലാക്കുന്ന അയോഗ്യത രാജ്യത്തെ ജനങ്ങൾക്ക് മുമ്പിൽ യോഗ്യതയാണ്. സംഘ്പരിവാർ എത്ര ഇരുട്ട് വിതയ്ക്കാൻ ശ്രമിച്ചാലും ഭരണഘടന മൂല്യങ്ങള്‍ പൂത്തുലയുന്ന ജനാധിപത്യത്തിന്റെ വസന്തം കാലം തിരിച്ചുവരിക തന്നെ ചെയ്യും. നല്ല നാളെക്കായി ഫാസിസത്തിനെതിരെ ഐക്യപ്പെടാം- അദ്ദേഹം കുറിച്ചു.
അതേസമയം, രാഹുലിനെ എം.പി പദവിയിൽനിന്ന് അയോഗ്യനാക്കിയ നടപടി ഫാഷിസം ഏതറ്റം വരെ പോകാനും തയാറാണെന്ന മുന്നറിയിപ്പാണ് നൽകുന്നതെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി ശബ്ദിക്കണമെന്നും ഐഎൻഎൽ വ്യക്തമാക്കി. മോദി എന്ന പരാമർശത്തിൽ കയറിപ്പിടിച്ച് സൂറത്ത് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് വിധിച്ച രണ്ട് വർഷത്തെ തടവിന്റെ മറവിലാണ് ഹിന്ദുത്വശക്തികൾ നിയന്ത്രിക്കുന്ന ലോക്സഭ ഇത്തരമൊരു തീരുമാനമെടുത്തത്.
ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങിക്കേൾക്കുന്നതെന്നും ഐഎൻഎൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ ഈ കശാപ്പ് രാജ്യത്തിന് നോക്കിനിൽക്കാനാവില്ല. ഭരണഘടനയെ നോക്കുകുത്തിയാക്കിയുള്ള ഈ കശാപ്പ് വരും നാളുകളിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിന്റെ സൂചനയാണ്.
ഇതിന്റെയൊന്നും ഗൗരവം മനസിലാക്കാൻ കഴിയാത്ത കേരളത്തിലെ, ബുദ്ധിപരമായി വരിയുടയ്ക്കപ്പെട്ട കോൺഗ്രസ് നേതൃത്വം ആർഎസ്എസിന് ഹല്ലേലുയ്യ പാടുന്ന തിരിക്കിലാണെന്ന യാഥാർഥ്യം ജനാധിപത്യ വിശ്വാസികളെ നടുക്കുകയാണെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
രാഹുൽ 2019ൽ കർണാടകയിൽ നടത്തിയ പ്രസംഗത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി അദ്ദേഹത്തെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതാണ് അയോഗ്യതയ്ക്ക് കാരണമായത്. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുൽ ചോദിച്ചത്.
നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ഇത്, മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണെന്ന് ആരോപിച്ച് ഗുജറാത്ത് മുൻ മന്ത്രിയും ബി.ജെ.പി എംഎൽഎയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്
രണ്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ ഇന്ന് ലോക്സഭാ സെക്രട്ടേറിയറ്റാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. ഇനി ആറ് വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ സാധിക്കില്ല.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ശ്രീ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഭീരുത്വമാണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് ഫാസിസ്റ്റ് രീതി. അധികാരത്തിൻ്റെ ചതുരോപായങ്ങളിലൂടെ നടപ്പിലാക്കുന്ന അയോഗ്യത രാജ്യത്തെ ജനങ്ങൾക്ക് മുൻപിൽ യോഗ്യതയാണ്. സംഘ്പരിവാർ എത്ര ഇരുട്ട് വിതക്കാൻ ശ്രമിച്ചാലും ഭരണഘടന മൂല്യങ്ങള്‍ പൂത്തുലയുന്ന ജനാധിപത്യത്തിന്റെ വസന്തം കാലം തിരിച്ചുവരിക തന്നെ ചെയ്യും.
നല്ല നാളെക്കായി ഫാസിസത്തിനെതിരെ ഐക്യപ്പെടാം..
#രാഹുൽഗാന്ധി


