< Back
Kerala
ബ്രിട്ടാസ് നിർവഹിച്ചത് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം; പിഎം ശ്രീയിലെ മധ്യസ്ഥത സ്ഥിരീകരിച്ച് മന്ത്രി ആര്‍.ബിന്ദു
Kerala

'ബ്രിട്ടാസ് നിർവഹിച്ചത് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം'; പിഎം ശ്രീയിലെ മധ്യസ്ഥത സ്ഥിരീകരിച്ച് മന്ത്രി ആര്‍.ബിന്ദു

Web Desk
|
4 Dec 2025 7:14 AM IST

പോസിറ്റീവ് ആയി മാത്രം കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു

കൊച്ചി: പിഎം ശ്രീ ഇടനില വിവാദത്തിൽ ജോൺ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമാണ് ബ്രിട്ടാസ് നിർവഹിച്ചത്. അതിനെ പോസിറ്റീവ് ആയി മാത്രം കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു.

മുകേഷിനെതിരെയുള്ള പീഡനാരോപണത്തിന് തീവ്രത കുറവെന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിന്‍റെ പ്രതികരണം ഗൗരവത്തിൽ കാണേണ്ടതില്ലെന്നും ബിന്ദു വ്യക്തമാക്കി. ലസിതയുടെ വാക്കുകൾ അടർത്തിയെടുത്ത് ആക്ഷേപ ഹാസ്യമായി മാധ്യമങ്ങൾ അവതരിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെക്കാൾ സർക്കാരിന്‍റെ വികസന നേട്ടങ്ങളാണ് എൽഡിഎഫിന്‍റെ മുഖ്യ പ്രചാരണ വിഷയമെന്നും മന്ത്രി മീഡിയവൺ വോട്ടുപാതയിൽ പറഞ്ഞു.

ജോൺ ബ്രിട്ടാസിനെതിരായ പാലം പരാമർശത്തിൽ വിശദീകരണത്തിന്‍റെ ആവശ്യമില്ലെന്ന് സന്തോഷ് കുമാർ എംപി പറഞ്ഞു. ബ്രിട്ടാസ് മിടുക്കനായ പാർലമെന്‍റേറിയനാണ് . മറ്റു വിഷയങ്ങളില്ലാത്തതിനാൽ ഇത് ഉയർത്തിക്കൊണ്ടു വരാൻ ചില കോൺഗ്രസ് സുഹൃത്തുക്കൾ ശ്രമിക്കുകയാണെന്നും സന്തോഷ് കുമാർ പറഞ്ഞു.

ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ബ്രിട്ടാസ് നിർവഹിച്ചതെന്ന് എ.എ റഹീം പറഞ്ഞു. കേരളത്തിൻ്റെ ഫണ്ട് ലഭ്യമാക്കാൻ ഇടപെടൽ നടത്തും. കേരളത്തിൽ നിന്നുള്ള എംപിമാർ പാരയാകുകയല്ല, പാലമാകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോൺ ബ്രിട്ടാസ് പാലം വിവാദത്തിൽ വിശദീകരണം നൽകേണ്ടത് സിപിഎം നേതൃത്വമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. പിഎം ശ്രീയിൽ സിപിഎം എംപിമാർക്ക് എന്ത് റോളാണെന്ന് ഞങ്ങൾക്കറിയില്ല. പുതിയ വിദ്യാഭ്യാസ നയത്തിന് സിപിഐ എതിരാണ്. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുകയാണെന്നും രാജ പ്രതികരിച്ചു.

പിഎംശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ പാലമായി വര്‍ത്തിച്ചത് പ്രിയസുഹൃത്ത് ജോണ്‍ ബ്രിട്ടാസാണ്. അതില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്. സംസ്ഥാനത്തിനകത്തെ മുന്നണിയിലെ തര്‍ക്കം കാരണമാണ് നിലവില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. അതിന് പരിഹാരം തേടിയാണ് ബ്രിട്ടാസും കേരള സര്‍ക്കാരിലെ ഒരു മന്ത്രിയും എന്നെ കാണാനെത്തിയത്.' എന്നാണ് മന്ത്രി പറഞ്ഞത്.

തടഞ്ഞുവെച്ച ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി മന്ത്രി ശിവന്‍കുട്ടിയുമായോടൊത്ത് കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്നായിരുന്നു ബ്രിട്ടാസിന്‍റെ പ്രതികരണം.



Similar Posts