
മുക്കിയ പണത്തിന്റെ കണക്ക് ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ മെക്കട്ട് കയറുന്നതെന്തിന്? പ്രതിപക്ഷ നേതാവ് പറയുന്ന വീടിന്റെ കണക്ക് അദ്ദേഹത്തിന് പോലുമറിയില്ല: മന്ത്രി കെ.രാജന്‍
|ദുരന്തബാധിതർക്കുള്ള സഹായവിതരണം ഇനി ലഭിക്കില്ലെന്ന് പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും മന്ത്രി രാജൻ പ്രതികരിച്ചു
തിരുവനന്തപുരം: ചൂരല്‍മലയില്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യുന്ന സഹായം ഇനി ലഭിക്കില്ലെന്ന ചിലര്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി കെ.രാജന്‍. കഴിഞ്ഞ ഡിസംബര്‍ വരെ ജീവനോപാധി കൊടുത്തിട്ടുണ്ട്. ജനുവരി മാസത്തെ തുക കൊടുക്കാനുള്ള ഓര്‍ഡര്‍ ജനുവരിയില്‍ ഇറങ്ങും. ഇക്കാര്യത്തില്‍ ദുരന്തബാധിതര്‍ക്ക് വേണ്ടതില്ലെന്നും രാജന്‍ വ്യക്തമാക്കി.
നിര്‍മാണത്തില്‍ തടസമുണ്ടെന്ന് പറയുന്നത് ശരിയല്ല. 289 വീടുകളില്‍ 2 നിലയിലുള്ള വാര്‍പ്പ് പൂര്‍ത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ കരുതല്‍ ചെറുതല്ല. ഡിസംബര്‍ വരെ 9000 രൂപയാണ് നല്‍കിയത്. ഈ മാസത്തേത് ഉടന്‍ തന്നെ ഉത്തരവിറങ്ങും. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി 15 കോടി രൂപയിലധികം അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായ ആശങ്കകള്‍ ആവശ്യമില്ല. ഈ വിഷയത്തില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രി പറഞ്ഞു.
കച്ചവടക്കാര്‍ക്ക് പണം ലഭിച്ചില്ലെന്ന ആശങ്കയും പ്രചരിപ്പിക്കുകയാണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരങ്ങളൊന്നും അവര്‍ പാഴാക്കുന്നില്ല. എന്നാല്‍, ഇതുകൊണ്ടൊന്നും സര്‍ക്കാരിനെ ഭയപ്പെടുത്താനാകില്ല. രാജന്‍ പറഞ്ഞു.
മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും മന്ത്രി മറന്നില്ല. പിരിച്ച കണക്ക് കയ്യിലില്ലെങ്കില്‍, പണം മുക്കിയതിന്റെ കണക്ക് ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ മെക്കട്ട് കയറുന്ന പ്രശ്‌നമെന്താണെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറയുന്ന വീടിന്റെ കണക്ക് അദ്ദേഹത്തിന് പോലും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.