< Back
Kerala
ഹേമാകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തു, ഇതൊന്നും അറിയാത്തവരല്ല കമന്‍റിടുന്നത്; പരോക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍
Kerala

'ഹേമാകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തു, ഇതൊന്നും അറിയാത്തവരല്ല കമന്‍റിടുന്നത്'; പരോക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍

Web Desk
|
4 Jun 2025 12:42 PM IST

റിപ്പോർട്ടിന്മേലെടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് നടി പാർവതി രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: നടി പാർവതി തിരുവോത്തിനെതിരെ പരോക്ഷ വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഹേമാകമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നെന്നും സിനിമാ നയം വന്നതും നിയമനിർമ്മാണം നടത്തുന്നതും കോൺക്ലേവ് തീരുമാനിച്ചതും റിപ്പോർട്ടിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു.

ഹേമാകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്..ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകൾ പറയുന്നതെന്നും മന്ത്രി പറഞ്ഞു.

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയതിൽ വിമർശനവുമായാണ് നടി പാർവതി രംഗത്തെത്തിയത്. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടികൾ അവസാനിപ്പിച്ചത്. ഈ വാർത്ത ഷെയർ ചെയ്തുകൊണ്ടാണ് പാർവതി സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.

അഞ്ചര വർഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച്, എന്തെങ്കിലും തീരുമാനമായോ? എന്ന് പാർവതി മുഖ്യമന്ത്രിയോട് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ചോദിച്ചു.'എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതിൽ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയിൽ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങൾ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ ലക്ഷ്യം, അല്ലേ? അതിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോൾ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോർട്ട് സമർപ്പിച്ചിട്ട് ആകെ അഞ്ചര വർഷമല്ലേ കഴിഞ്ഞുള്ളൂ'-പാർവതി ചോദിക്കുന്നു

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച പാർവതി തിരുവോത്തിനെ വിമർശിച്ച് നടി മാല പാർവതിയും രംഗത്തെത്തി .മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത കാര്യം ചെയ്ത സർക്കാരിനോട് ചോദ്യം ചോദിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. പറയുന്നതിൽ അല്പം കൂടി വ്യക്തത വരുത്തണമെന്നും മാല പാർവതി ഫേസ്ബുക്കില്‍ കുറിച്ചു.

Similar Posts