< Back
Kerala
Minister Saji Cherian Praises Vellappalli Nadesan
Kerala

'വെള്ളാപ്പള്ളിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം, അദ്ദേഹത്തെ ജനങ്ങൾക്കറിയാം; സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ രാജ്യവിരുദ്ധതയില്ല': പുകഴ്ത്തി മന്ത്രി സജി ചെറിയാൻ

Web Desk
|
8 April 2025 4:52 PM IST

വെള്ളിയാഴ്ച നടക്കുന്ന സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ: മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയെ ജനങ്ങൾക്കറിയാമെന്നും പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സജി ചെറിയാൻ ആലപ്പുഴയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശത്തെ മറ്റൊരു രീതിയിൽ കാണേണ്ടെന്നും വെള്ളിയാഴ്ച നടക്കുന്ന സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴക്കാരനായ വെള്ളാപ്പള്ളി വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ആലപ്പുഴക്കാരൻ കൂടിയായ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടോ എന്ന ചോദ്യത്തിന്, അതിനൊക്കെ പാർട്ടി സെക്രട്ടറി മറുപടി പറയും എന്നായിരുന്നു സജി ചെറിയാന്റെ മറുപടി. താൻ ഇനി സൂക്ഷിച്ചേ സംസാരിക്കൂ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനും അദ്ദേഹം ശ്രമിച്ചു.

തുടർന്ന്, വിദ്വേഷപരാമർശം നടത്തിയ പശ്ചാത്തലത്തിൽ ഇനി വെള്ളാപ്പള്ളിക്ക് സ്വീകരണമൊരുക്കുന്ന പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പുകഴ്ത്തൽ മറുപടി. 'വെള്ളാപ്പള്ളി ആരാണെന്ന് ഈ നാട്ടിലെ ജനങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ ഒരു പരിപാടിക്ക് പോവുന്നതുകൊണ്ട് എന്തെങ്കിലും രാഷ്ട്രവിരുദ്ധത ഉണ്ടെന്ന ധാരണയും തനിക്കില്ല. ഈ പരിപാടി മാറ്റേണ്ട കാര്യമില്ല. അത് അതിന്റെ വഴിക്കുവഴിയേ പോകട്ടെ. പരാമർശത്തിൽ പാർട്ടിയുടെ അഭിപ്രായം സെക്രട്ടറി പറയും. വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ പരിപാടിയിൽ പ​​ങ്കെടുക്കും'- സജി ചെറിയാൻ വിശദമാക്കി.

എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയതിന്റെ ഭാ​ഗമായി പ്രാദേശിക എസ്എൻഡിപി യോഗം നടത്തുന്ന സ്വീകരണ പരിപാടിയിലാണ് മന്ത്രിയും പങ്കെടുക്കുന്നത്. ഇതിനെതിരെ പരക്കെ വിമർശനം ഉയർന്നിരുന്നു.

‘മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറൽ സെക്രട്ടറി പദം പൂർത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്വലസ്വീകരണവും’ എന്ന പേരിലാണ് പരിപാടി. സജി ചെറിയാന് പുറമേ മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, വി.എൻ വാസവൻ തുടങ്ങിയവരും പരിപാടിയിൽ പ​ങ്കെടുക്കുന്നുണ്ട്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടിയിൽ പ​ങ്കെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സജി ചെറിയാൻ ഒഴികെ ആരും ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവും ആണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസ്താവന. ഇതിനെതിരെ വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. കേസെടുക്കേണ്ടതായിട്ടൊന്നും പരാമർശത്തിൽ ഇല്ലെന്നാണ് പൊലീസ് വാദം.



Similar Posts