< Back
Kerala
ഒരു പരിഹാസവുമില്ല,സബ്ജക്ട് ഈസ് ക്ലോസ്ഡ്; അമൃതാനന്ദമയി വിഷയത്തിൽ സജി ചെറിയാൻ
Kerala

'ഒരു പരിഹാസവുമില്ല,സബ്ജക്ട് ഈസ് ക്ലോസ്ഡ്'; അമൃതാനന്ദമയി വിഷയത്തിൽ സജി ചെറിയാൻ

Web Desk
|
28 Sept 2025 11:14 AM IST

എല്ലാകാര്യങ്ങളും നേരത്തേ വിശദീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: അമൃതാനന്ദമയിയെ ആദരിച്ച വിവാദത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വിഷയം അടഞ്ഞ അധ്യായമാണ്. എല്ലാകാര്യങ്ങളും നേരത്തേ വിശദീകരിച്ചതാണെന്നും അതില്‍ യാതൊരു പരിഹാസവുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

ഐക്യരാഷ്ട്രസഭയിൽ അമൃതാനന്ദമയി സംസാരിച്ചതിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അമൃതാനന്ദമയിയെ ചേർത്തുപിടിച്ച് ആശ്ലേഷിച്ച് നെറുകയിൽ ചുംബിച്ച് ചിത്രങ്ങളെടുക്കാനായി മന്ത്രി പോസ് ചെയ്യുകയും ചെയ്തിരുന്നു.ഇത് ഏറെ ചര്‍ച്ചയാകുകയും വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് സർക്കാരിന്റെ വക ആദരം സമർപ്പിച്ചത്.

അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നും അതാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും സജി ചെറിയാൻ കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. കായംകുളത്ത് നഗരസഭാ ഗ്രന്ഥശാലാ ഉദ്ഘാടന പരിപാടിയിലാണ് മന്ത്രി വിശദീകരണവുമായി രം​ഗത്തെത്തിയത്.

'എന്റെ അമ്മ ചുംബനം തരുന്നത് പോലെയാണ് തോന്നിയത്. എന്റെ അമ്മയുടെ പ്രായമുണ്ട് അവർക്ക്. ഞാൻ ആ സ്ഥാനത്താണ് കണ്ടത്. അമ്മ ചുംബിച്ചപ്പോൾ ഞാൻ തിരിച്ചും ചുംബനം നൽകി, അതിനിവിടെ ആർക്കാണ് പ്രശ്നം?'- സജി ചെറിയാൻ ചോദിച്ചു. ‌25 വർഷം മുൻപ് അവർ യുഎന്നിൽ മലയാളത്തിൽ പ്രസംഗിച്ചു. അത് ചെറിയൊരു കാര്യമല്ല. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് അവർക്കുള്ളത്. ആ പ്രസംഗം താൻ കേട്ടു. അതൊരു‌‌പാട് ഇഷ്ടപ്പെട്ടെന്നും മന്ത്രി പറഞ്ഞു.


Similar Posts