
Photo: MediaOne
'പാർട്ടിയുമായി പ്രശ്നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടി, സുധാകരനെ നേരിൽ പോയി കാണും': സജി ചെറിയാൻ
|സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി, ബി.ജെ.പി പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല എന്നതാണ് പാർട്ടി നിലപാടെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന ജി.സുധാകരനെ നേരിൽ കാണുമെന്ന് മന്ത്രി സജി ചെറിയാൻ. പ്രശ്നങ്ങൾ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്. തന്നെ വിമർശിക്കാനുള്ള അവകാശം സുധാകരനുണ്ട്. സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി, ബി.ജെ.പി പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല എന്നതാണ് പാർട്ടി നിലപാടെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങളേക്കാൾ കടുത്ത പാർട്ടിക്കാരനാണ് സുധാകരൻ. അദ്ദേഹത്തെ പാർട്ടിക്കെതിരായി ചിത്രീകരിച്ചത് മാധ്യമങ്ങളാണ്. മരണം വരെയും അദ്ദേഹം സിപിഎമ്മിനോടൊപ്പം കാണും. പാർട്ടിയുമായി എന്തേലും അസ്വാരസ്യങ്ങളുണ്ടെങ്കിൽ നേരിൽ പോയി സംസാരിക്കാൻ തയ്യാറാണ്. പ്രായപരിധി കാരണം പഴയത് പോലെ സംഘടനാ പരിപാടികളിൽ പങ്കെടുക്കാനാവില്ല എന്നത് മാത്രമാണ് പ്രശ്നം. എന്നാൽ സാംസ്കാരികമായ പരിപാടികളിൽ ഇനിയും അദ്ദേഹത്തെ ഉപയോഗപ്പെടുത്താനുണ്ട്.' മന്ത്രി പറഞ്ഞു.
നേരത്തെ, ജി.സുധാകരൻ പാർട്ടിയോട് ചേർന്നു പോകണമെന്ന സജി ചെറിയാന്റെ പ്രസ്താവനയോട് ജി.സുധാകരൻ രൂക്ഷമായാണ് പ്രതികരിച്ചത്. 'പാർട്ടിയിലുള്ള എന്നോടാണ് പാർട്ടിയോടു ചേർന്നുപോകാൻ പറഞ്ഞത്. ഞാൻ പാർട്ടിയോടു ചേർന്നല്ല, പാർട്ടിക്കുള്ളിലൂടെയാണു പോകുന്നത്. കുറച്ചുകാലം മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെട്ടയാളാണ് എന്നെ ഉപദേശിക്കുന്നത്. അതിനുള്ള അർഹതയോ പ്രായമോ പ്രത്യയശാസ്ത്രബോധമോ ഉണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിൽ ജനം അതു ശരിവെക്കില്ല'. എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞതിനോടുള്ള ജി.സുധാകരന്റെ പ്രതികരണം.
പ്രായത്തിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ മുതൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതികരണവുമായി ജി.സുധാകരൻ രംഗത്തു വന്നിരുന്നു. തനിക്കെതിരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ആക്രമണത്തിന് പിന്നിൽ അമ്പലപ്പുഴയിൽ നിന്നുള്ള ഒരു ജനപ്രതിനിധിയാണെന്നും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതൃത്വത്തിലുള്ള ചിലർ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അക്രമത്തിന് പിന്തുണ നൽകി എന്നും ജി.സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു.