< Back
Kerala
മുല്ലപ്പെരിയാറിലേത് അസാധാരണ സാഹചര്യം; ഇന്നലെ രാത്രി മാത്രം ഏഴടിയോളം ജലനിരപ്പ് ഉയർന്നു: മന്ത്രി

Photo: MediaOne

Kerala

'മുല്ലപ്പെരിയാറിലേത് അസാധാരണ സാഹചര്യം; ഇന്നലെ രാത്രി മാത്രം ഏഴടിയോളം ജലനിരപ്പ് ഉയർന്നു': മന്ത്രി

Web Desk
|
18 Oct 2025 5:12 PM IST

ഇന്നലെ രാത്രിയിൽ മാത്രം ഡാമിൽ ഏഴടിയോളം ജലനിരപ്പ് ഉയർന്നുവെന്നും അപകടസാധ്യതയുള്ള മേഖലകളിൽ‍ നിന്ന് പരമാവധി ജനങ്ങളെ ഒഴിപ്പിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലേത് അസാധാരണ സാഹചര്യമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ. ഇന്നലെ രാത്രിയിൽ മാത്രം ഡാമിൽ ഏഴടിയോളം ജലനിരപ്പ് ഉയർന്നുവെന്നും അപകടസാധ്യതയുള്ള മേഖലകളിൽ‍ നിന്ന് പരമാവധി ജനങ്ങളെ ഒഴിപ്പിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്നാട് ജലവിഭവ വകുപ്പുമായി സഹകരിച്ച് പരമാവധി ജലം പുറത്തേക്ക് ഒഴുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. അതിന്റെ ഭാ​ഗമായി സെക്കൻ‍ഡിൽ 3000 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിക്കൊണ്ടാണ് 13 ഷട്ടറുകളും തുറന്നുവിട്ടത്. തമിഴ്നാട്ടിലേക്കും പരമാവധി ജലം ഒഴുക്കിവിടുന്നുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

കൃത്യമായ ഇടവേളകളിൽ ജലം ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് താഴുന്നില്ലെന്നത് ഭീതിയുളവാക്കുന്നുണ്ട്. കേരളം ആവശ്യപ്പെടുന്നത് 132 അടിയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നായിരുന്നെങ്കിലും ഇതിനോടകം 138 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയർത്തുന്നുവെന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി കേരള- കർണാടക തീരത്തിന് സമീപം ന്യൂനമർദമായി ശക്തി പ്രാപിച്ചതിനാൽ അടുത്ത ഏഴ് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

Similar Posts