< Back
Kerala
ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തെരുവിലോ പത്രമാധ്യമങ്ങളിലോ അല്ല;  എൻസിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍റെ പ്രസ്താവന തള്ളി എ.കെ ശശീന്ദ്രൻ
Kerala

'ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തെരുവിലോ പത്രമാധ്യമങ്ങളിലോ അല്ല'; എൻസിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍റെ പ്രസ്താവന തള്ളി എ.കെ ശശീന്ദ്രൻ

Web Desk
|
3 Jan 2026 7:42 AM IST

അഭിപ്രായം പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പേ എൻസിപിയിൽ കലഹം. കോഴിക്കോട് ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദിനെതിരെ ശശീന്ദ്രൻ. താൻ മത്സരിക്കില്ലെന്ന മുഹമ്മദിന്റെ പ്രസ്താവന അനുചിതം. ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. അഭിപ്രായം പറയേണ്ടത് പാർട്ടിക്കുള്ളിലെന്നും വിമർശനം. തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

'സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതും ചിഹ്നം നല്‍കുന്നതും പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പിലേക്ക് ഇനിയും ആറ് മാസമുണ്ട്. ഒരു പാര്‍ട്ടിയും സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. എന്റെ പാര്‍ട്ടിയും അത്തരത്തില്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് തന്റേയും.'

'കോഴിക്കോട് അധ്യക്ഷന്‍ പറഞ്ഞതിനോട് പ്രതികരിക്കാനില്ല. പാര്‍ട്ടി തീരുമാനങ്ങള്‍ തെരുവില്‍ പറയേണ്ടതല്ല. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കും. എന്നിരുന്നാലും പാര്‍ട്ടിയുടെ തീരുമാനമാണ് മുകളില്‍. അത് ആര് തന്നെയായാലും അംഗീകരിക്കും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ശശീന്ദ്രന്‍ ഇനി മത്സരിക്കില്ലെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് മീഡിയവണിനോട് പറഞ്ഞിരുന്നു. നല്‍കാവുന്ന എല്ലാ സ്ഥാനങ്ങളും ഇതിനകം പാര്‍ട്ടി ശശീന്ദ്രന് നല്‍കി. ഇനി മത്സരിക്കില്ലെന്ന് നേരത്തേ ശശീന്ദ്രന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നുവെന്നും പകരം വരുന്ന സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുക്കം മുഹമ്മദ് പറഞ്ഞിരുന്നു.

Similar Posts