< Back
Kerala
കുട്ടികൾ തിരിച്ചറിയട്ടെ ഗുഡ് ടച്ചും ബാഡ് ടച്ചും: വിദ്യാഭ്യാസമന്ത്രി
Kerala

കുട്ടികൾ തിരിച്ചറിയട്ടെ ഗുഡ് ടച്ചും ബാഡ് ടച്ചും: വിദ്യാഭ്യാസമന്ത്രി

Web Desk
|
18 Jan 2022 12:34 PM IST

'തിരിച്ചറിവോടെയുള്ള ഒമ്പത് വയസുകാരന്‍റെ മൊഴിയാണ് ഒരു പ്രതിയ്ക്ക് ശിക്ഷ വിധിക്കാൻ കാരണമായത്'

ലൈംഗികാതിക്രമങ്ങളെ തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും ലഭിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിക്കാന്‍ കാരണം കുട്ടിയുടെ മൊഴിയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം.

"ഗുഡ് ടച്ചും ബാഡ് ടച്ചും" തിരിച്ചറിയാനുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ലഭിക്കണം. തിരിച്ചറിവോടെയുള്ള ഒമ്പത് വയസുകാരന്‍റെ മൊഴിയാണ് ഒരു പ്രതിയ്ക്ക് ശിക്ഷ വിധിക്കാൻ കാരണമായത്. കുട്ടികൾ തിരിച്ചറിയട്ടെ "ഗുഡ് ടച്ചും ബാഡ് ടച്ചും"- എന്നാണ് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്.

2020 നവംബർ 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയിൽ നിൽക്കുമ്പോള്‍ വീട്ടുജോലിക്ക് വന്ന കാലടി സ്വദേശിയായ പ്രതി വിജയകുമാര്‍ കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു. കുട്ടി അമ്മയോട് സംഭവം പറഞ്ഞു. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

'ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം, സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്' എന്നാണ് ഒന്‍പതു വയസുകാരന്‍ കോടതിയില്‍ വിചാരണക്കിടെ പറഞ്ഞത്. തുടര്‍ന്ന് പ്രതിക്ക് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും വിധിച്ചു.

Related Tags :
Similar Posts