< Back
Kerala
Minister V Sivankutty Against BJP leadership over Death of RSS Workers

Photo| Special Arrangement

Kerala

സ്വന്തം പ്രവർത്തകരെ മരണത്തിലേക്ക് തള്ളിവിടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ബിജെപി- ആർഎസ്എസ് നേതൃത്വം: മന്ത്രി വി. ശിവൻകുട്ടി

Web Desk
|
16 Nov 2025 4:38 PM IST

നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ ജീർണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും.

തിരുവനന്തപുരം: ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെയും നേതാക്കളുടെയും ജീവന് ആ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യയിലാണ് മന്ത്രിയുടെ പ്രതികരണം. ആർഎസ്എസ്/ബിജെപി നേതാക്കളുടെ ലൈംഗിക പീഡനങ്ങളും സാമ്പത്തിക തിരിമറികളും മണ്ണ് മാഫിയാ ബന്ധങ്ങളും കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

'കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ ആത്മഹത്യ ചെയ്ത ബിജെപിയുടെയും ആർഎസ്എസിന്റേയും പ്രവർത്തകർ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കോട്ടയം എലിക്കുളം സ്വദേശി അനന്തു അജി തിരുവനന്തപുരത്ത് ലോഡ്ജിൽ ആത്മഹത്യ ചെയ്തത്, ആർഎസ്എസ്. ക്യാമ്പുകളിൽ നേരിട്ട ലൈംഗിക പീഡനങ്ങളെത്തുടർന്നാണ്. ആത്മഹത്യക്ക് മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ആർഎസ്എസ് നേതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അനന്തു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഘടനയുടെ അന്തർധാര എത്രത്തോളം ജീർണിച്ചതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു'- മന്ത്രി ചൂണ്ടിക്കാട്ടി.

'തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യ വലിയ വിവാദമായിരുന്നു. ജില്ലാ ഫാം ടൂർ സഹകരണ സംഘം സാമ്പത്തിക പ്രതിസന്ധിയിലായതാണ് അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത്. പ്രതിസന്ധിയിൽ പാർട്ടി ഒറ്റപ്പെടുത്തിയെന്നുമുള്ള ആത്മഹത്യാക്കുറിപ്പിലെ പരാമർശം, പ്രവർത്തകരോടുള്ള ബിജെപി നേതൃത്വത്തിന്റെ സമീപനം വ്യക്തമാക്കുന്നു'.

'ഈ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ആർഎസ്എസ് പ്രവർത്തകനായ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത്. സ്ഥാനാർഥിത്വം നിഷേധിച്ചതിലും പാർട്ടി നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളിലുമുള്ള പ്രതിഷേധം അറിയിച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ, 'ആർഎസ്എസുകാരനായി ജീവിച്ചെന്നതാണ് ജീവിതത്തിൽ പറ്റിയ വലിയ തെറ്റ്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിൽ എത്തിച്ചത്'- എന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇത് ഒരു സാധാരണ പ്രവർത്തകന്റെ മനഃസാക്ഷിയുടെ വിങ്ങലാണ്. ബിജെപിക്കകത്തെ നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളും സാമ്പത്തിക തിരിമറികളും ഈ ആത്മഹത്യകളിലൂടെ പുറത്തുവന്നിരിക്കുകയാണ്'.

സാമ്പത്തിക പ്രതിസന്ധിയിലായ സഹകരണ സംഘം വിഷയത്തിൽ ബിജെപിയുടെ മുൻ സംസ്ഥാന വക്താവ് പോലും സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചതും പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമാണെന്ന് തെളിയിക്കുന്നു. സ്വന്തം പ്രവർത്തകരെ മരണത്തിലേക്ക് തള്ളിവിടുകയും ലൈംഗികമായി പീഡിപ്പിക്കുകയും അഴിമതിക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന ബിജെപി നേതൃത്വം കേരളത്തിലെ ജനങ്ങൾക്ക് ഒരു ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ ജീർണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും. തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപറേഷനിൽ അടക്കം ബിജെപിക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. വർഗീയതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയും- വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം, ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ വീട് മന്ത്രി സന്ദർശിക്കുകയും ചെയ്തു.



Similar Posts