
'അന്തസും മാന്യതയുമുണ്ടെങ്കിൽ രാഹുല്‍ എംഎൽഎ സ്ഥാനം രാജിവെക്കണം, അത് രണ്ടും അയാള്‍ക്കില്ലെന്ന് അറിയാം'; മന്ത്രി വി.ശിവന്‍കുട്ടി
|രാഹുലിന് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുകയാണെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ടെലിഫോൺ സംഭാഷണങ്ങൾ ഗൗരവകരമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും സംഭവത്തെ ശക്തമായി എതിര്‍ത്തെങ്കിലും രാഹുലിന് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുകയാണ്. ഷാഫി പമ്പിലും കെ.സുധാകരനും പരസ്യപിന്തുണ കൊടുക്കുന്നതിൽ ഒരുമടിയും കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'കേരള ജനതയോടും സ്ത്രീകളോടുമുള്ള വെല്ലുവിളിയാണിത്. അന്തസും മാന്യതയുമുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സര്‍ക്കാറിന് കിട്ടുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിയമപരമായി മുന്നോട്ട് പോകും.അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം കോണ്‍ഗ്രസിന്‍റെ പൊതു സമൂഹത്തിനോടുള്ള സംസ്കാരം ഇതാണെന്നും ചര്‍ച്ച ചെയ്യപ്പെടും.പാവപ്പെട്ട പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നാണ് ചിന്തിക്കേണ്ടത്'. ശിവൻകുട്ടി പറഞ്ഞു.
അതേസമയം, അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ , വീട്ടിൽ അത്രിക്രമിച്ച് കയറൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പത്ത് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്രം നടത്തിയതെന്നും കുട്ടി ഉണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കും എന്ന് രാഹുൽ പറഞ്ഞുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെതിരെയും പൊലീസ് കേസെടുത്തു.