< Back
Kerala
പി എം ശ്രീ പദ്ധതി; കേന്ദ്രം വ്യക്തത വരുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala

പി എം ശ്രീ പദ്ധതി; കേന്ദ്രം വ്യക്തത വരുത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി

Web Desk
|
9 April 2025 5:09 PM IST

കേന്ദ്ര വിദ്യാഭ്യാസ നയമടക്കം നടപ്പിലാക്കേണ്ടി വരുമോ എന്ന് ആശങ്കയുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കരാർ വയ്ക്കണമെന്ന് പറയുന്നതിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് മന്ത്രി വി.ശിവൻകുട്ടി. 1377 കോടി രൂപ രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടതായിട്ടുണ്ട്. പിഎം ശ്രീ കരാർ ഒപ്പിട്ടാൽ മാത്രമേ അത് ലഭിക്കൂ. കേന്ദ്ര വിദ്യാഭ്യാസ നയമടക്കം നടപ്പിലാക്കേണ്ടി വരുമോ എന്ന് ആശങ്കയുണ്ട്. ഇതിനെതിരെ നിയമ പോരാട്ടം അടക്കം ആലോചിക്കുന്നുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു.

വിഷയം വിശദമായി ചർച്ച ചെയ്യാനാണ് മന്ത്രിസഭാ തീരുമാനം. പദ്ധതി അംഗീകരിക്കുന്നതിൽ സിപിഐയും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.

2022ലാണ് രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീ പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ തുടക്കം മുതൽക്കേ കേരളമടക്കം ബിജെപി ഇതര സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇതിനെ എതിർത്തിരുന്നു. പദ്ധതിയിൽ ഒപ്പിട്ടാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരും എന്നതാണ് ഇതിന് കാരണം.

പദ്ധതിയില്‍ ചേരാതിരുന്ന കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു നൽകാനുള്ള സമഗ്രശിക്ഷാ പദ്ധതി ഫണ്ട് തരില്ലെന്നാണ് കേന്ദ്രസർക്കാർ ഇതിനു മറുപടി നൽകിയത്. ഏറ്റവും ഒടുവിൽ ഇന്നത്തെ മന്ത്രിസഭ യോഗം വിഷയം ചർച്ച ചെയ്തു. കരാർ ഒപ്പിടുന്നത് സംബന്ധിച്ച് അവ്യക്തതകൾ നിലനിൽക്കുന്നു എന്നാണ് സർക്കാർ നിലപാട്. പദ്ധതിയിൽ ചേർന്നില്ലെങ്കിൽ ഒരു ഫണ്ടും തരില്ല എന്ന് കേന്ദ്ര നയം. മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ചു കൊണ്ടുള്ള നിയമ പോരാട്ടം ആലോചിക്കുന്നതായും മന്ത്രി വി ശിവൻകുട്ടി.

പിഎം ശ്രീയിൽ ചേരുന്നത് സംബന്ധിച്ച് കടുത്ത എതിർപ്പാണ് സിപിഐ മന്ത്രിമാർ ഉയർത്തിയത്. നയപരമായി വേണ്ടെന്നു തീരുമാനിച്ചത് പിന്നെ പരിഗണിക്കേണ്ട കാര്യം എന്താണ് എന്ന് സിപിഐ മന്ത്രിമാർ ചോദിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം വീണ്ടും പരിഗണിക്കും.

Similar Posts