< Back
Kerala
ആഗോള അയ്യപ്പസംഗമ വിവാദം; നിലപാടില്‍ പിന്നോട്ടില്ല, രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പൊതുജനത്തോട് മാപ്പ് പറയേണ്ടിവരും: മന്ത്രി വി.എന്‍ വാസവന്‍
Kerala

ആഗോള അയ്യപ്പസംഗമ വിവാദം; നിലപാടില്‍ പിന്നോട്ടില്ല, രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പൊതുജനത്തോട് മാപ്പ് പറയേണ്ടിവരും: മന്ത്രി വി.എന്‍ വാസവന്‍

Web Desk
|
14 Feb 2026 3:23 PM IST

ആഗോള അയ്യപ്പസംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നതെന്നും പരിശോധിച്ചതിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും വാസവൻ പറഞ്ഞു

കോട്ടയം: ആഗോള അയ്യപ്പസംഗമത്തില്‍ ദേവസ്വത്തിന്റെ പണം തിരിച്ചടച്ചത് സംബന്ധിച്ച നിയമസഭയിലെ മറുപടിയില്‍ തെറ്റില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് കൊടുത്ത പണം തിരിച്ചടച്ചിട്ടുണ്ടെന്നും പ്രസ്താവനകളില്‍ രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും അടക്കമുള്ളവര്‍ പൊതുജനത്തോട് മാപ്പ് പറയേണ്ടിവരുമെന്നും വാസവന്‍ പറഞ്ഞു.

'ആഗോള അയ്യപ്പസംഗമത്തില്‍ ദേവസ്വം പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടി ശരിയാണ്. ദേവസ്വം ബോര്‍ഡ് കൊടുത്ത പണം കൃത്യമായി തിരിച്ചടച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും അടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകളില്‍ പൊതുജനങ്ങളോട് അവര്‍ മാപ്പ് പറയേണ്ടിവരും. ആഗോള അയ്യപ്പസംഗമത്തില്‍ പോറ്റിയെ ഞങ്ങള്‍ പങ്കെടുപ്പിച്ചില്ലെന്നതാണ് കോണ്‍ഗ്രസിന്റെ നിലവിലെ വിഷമം. ആ വിഷമം എല്ലാവര്‍ക്കും മനസ്സിലാകും. അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നുവെന്ന കാര്യത്തിലും അവര്‍ക്ക് വിഷമമുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു ആശയക്കുഴപ്പവും നിലനില്‍ക്കുന്നില്ല. പോറ്റിയെ കേറ്റിയവര്‍ക്കാണ് നിലവില്‍ വിഷമം. കൊടിമരം കേസ് വിജിലന്‍സിന്റെ പരിധിയിലെത്തിയിരിക്കുകയാണ്. അതിന്റെ അന്വേഷണം വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യമാകും.' വാസവന്‍ പറഞ്ഞു.

'ചില ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. ആഗോള അയ്യപ്പസംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നത്'. കൂടുതല്‍ കാര്യങ്ങള്‍ പരിശോധന നടത്തിയതിന് ശേഷം പറയാമെന്നും വാസവന്‍ പറഞ്ഞു.

സിപിഎം ഉമ്മന്‍ചാണ്ടിയുടെ മരണശേഷവും വേട്ടയാടുന്നുവെന്ന പ്രസ്താവന തിരുവഞ്ചൂര്‍ പിന്‍വലിക്കണമെന്നും മന്ത്രി പറഞ്ഞു. 'ഉമ്മന്‍ചാണ്ടിയെ ജീവിച്ചിരുന്നപ്പോള്‍ കൂടുതലായി വേട്ടയാടിയിരുന്നയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത് ഞങ്ങള്‍ പറഞ്ഞ കാര്യമല്ല, മറിയാമ്മ ഉമ്മന്‍ചാണ്ടിയും കെ.സി ജോസഫുമാണ് പറഞ്ഞത്'. ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ചാണ്ടിയെ വേദനിപ്പിച്ചുവെന്നും മന്ത്രി വാസവന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് റോഷി അഗസ്റ്റിനും ജോസ് കെ.മാണിയും ചക്കരയും തേനുമാണെന്നായിരുന്നു വാസവന്റെ മറുപടി. 'അവര്‍ക്കിടയില്‍ ഒരു പ്രശ്‌നമില്ല. സ്‌നേഹമുള്ളതിനാലാണ് ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. പാര്‍ട്ടി ചെയര്‍മാന്‍ പാലയില്‍ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ആഗ്രഹിക്കുന്നുണ്ട്. ജോസ് കെ.മാണി പാലായില്‍ നിന്നാല്‍ ഉറപ്പായും ജയിക്കും'. മധ്യമേഖല ജാഥയില്‍ പാലായില്‍ ലഭിച്ച സ്വീകരണം അത് ചൂണ്ടിക്കാട്ടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവിനെ കുറിച്ച് പറയേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്നും അഡ്വാന്‍സ് നല്‍കിയ പണം ദേവസ്വം ബോര്‍ഡ് തിരികെ കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരുന്നുവെന്നും ബോര്‍ഡിനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ആഗോള അയ്യപ്പസംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Similar Posts