< Back
Kerala
Kochi girl missing
Kerala

കൊച്ചിയിൽ നിന്നും കാണാതായ വിദ്യാർഥിനിയെ ആറര മണിക്കൂറിന് ശേഷം കണ്ടെത്തി

Web Desk
|
19 Feb 2025 6:34 AM IST

സെൻട്രൽ എസിപി ജയകുമാറിന്‍റെ നേതൃത്വത്തിൽ നഗരത്തിലെ മുഴുവന്‍ പൊലീസും തെരച്ചിലിനിറങ്ങി

കൊച്ചി: കൊച്ചി പച്ചാളത്ത് നിന്നും കാണാതായ സ്കൂള്‍ വിദ്യാർഥിനിയെ ആറര മണിക്കൂറിന് ശേഷം പൊലീസ് കണ്ടെത്തി. ആശങ്ക പരത്തിയ മണിക്കൂറുകള്‍ക്ക് ശേഷം വല്ലാർപാടത്ത് നിന്നും അർധരാത്രിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്‍റെ നേതൃത്വത്തില്‍ നഗരത്തിലെ മുഴുവന്‍ പൊലീസും തെരച്ചിലിനിറങ്ങി.

എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കാണാതായത്. വിദ്യാർഥിനിയുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും രക്ഷിതാക്കളോട് സ്കൂളിലേക്ക് വരാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ വിഷമിച്ചാണ് കുട്ടി വീട്ടിലേക്ക് വരാതെ മാറി നിന്നത്.

അഞ്ച് മണിയോടെ സൈക്കിളുമായി പാച്ചാളം വഴി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുടെ അമ്മയുമായി സെന്‍ട്രല്‍ എ സി പിയും സംഘവും നഗരം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ വല്ലാർപാടം കാളമുക്കിന് സമീപത്തു നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരനായ ജോർജിന് സംശയം തോന്നിയതിനെ തുടർന്ന് കുട്ടിയോട് സംസാരിച്ചപ്പോഴാണ് കാണാതായ വിദ്യാർഥിനിയാണെന്ന് വ്യക്തമായത്.

കുട്ടിയെ കാണാതായെന്ന് അറിഞ്ഞത് മുതല്‍ കൊച്ചി നഗരത്തിലെ മുഴുവന്‍ പൊലീസും തെരച്ചിലിലായിരുന്നു. ആശങ്ക നിറഞ്ഞ ആറര മണിക്കൂറുകള്‍ക്കൊടുവില്‍ അർധരാത്രിയോടെ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് പൊലീസിനും നാട്ടുകാർക്കും ആശ്വാസമായത്.



Similar Posts