< Back
Kerala
കുട്ടികളുടേത് സാഹസിക യാത്ര, ഒപ്പം പോയ യുവാവിനെക്കുറിച്ച് അന്വേഷിക്കും; മലപ്പുറം എസ്‍പി
Kerala

'കുട്ടികളുടേത് സാഹസിക യാത്ര, ഒപ്പം പോയ യുവാവിനെക്കുറിച്ച് അന്വേഷിക്കും'; മലപ്പുറം എസ്‍പി

Web Desk
|
7 March 2025 1:59 PM IST

പെൺകുട്ടികളെ ശനിയാഴ്ച നാട്ടിലെത്തിക്കും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ നടത്തിയത് സാഹസിക യാത്ര എന്ന നിലയിലേ കാണാൻ കഴിയൂവെന്ന് മലപ്പുറം എസ്‍പി ആർ.വിശ്വനാഥ്.ഒപ്പം പോയ യുവാവ് യാത്രക്കായി സഹായം നൽകിയതായാണ് കരുതുന്നത്.യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്ന് അന്വേഷിക്കുന്നുണ്ട്. ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു. മുംബൈ പൊലീസും മലയാളം സമാജവും അന്വേഷണത്തെ സഹായിച്ചു. പെൺകുട്ടികളെ നാളെ നാട്ടിലെത്തിക്കും.പൂനെയിൽ നിന്ന് വൈകുന്നേരം അഞ്ചരയോടെ ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി പൊലീസ് പുറപ്പെടുകയെന്നും എസ്‍പി പറഞ്ഞു.

'കുട്ടികളുടെ യാത്ര ലക്ഷ്യമെന്തായിരുന്നു, എങ്ങോട്ടായിരുന്നു എന്നൊക്കെ അവര്‍ വന്നിട്ടു തന്നെ ചോദിച്ചു മനസിലാക്കണം. കുട്ടികൾ വന്നാൽ ആദ്യം കോടതിയിൽ ഹാജരാക്കണം. പിന്നീട് വിശദ മൊഴി എടുക്കണം.കുട്ടികൾക്കും രക്ഷിതാക്കൾക്കും കാര്യമായ കൗൺസലിങ് നൽകണം'. അദ്ദേഹം പറഞ്ഞു.

പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനിൽ വച്ചാണ് പെൺകുട്ടികളെ ഇന്ന് പുലർച്ചെയോടെ കണ്ടെത്തിയത്. തുടർന്ന് കൊണ്ടുവരാനായി താനൂരിൽ നിന്നുള്ള പൊലീസ് സംഘം പൂനയിലേക്ക് തിരിക്കുകയായിരുന്നു. ഉച്ചയോടെ സംഘം കുട്ടികൾക്ക് അടുത്തെത്തി. മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്.ബ്യൂട്ടിപാർലറിൽ എത്തുന്ന സമയത്ത് കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് ബ്യൂട്ടി പാർലർ ഉടമ ലൂസി മീഡിയവണിനോട് പറഞ്ഞു.

അതേസമയം, മക്കളെ കണ്ടെത്തിയതിൽ ഏറെ ആശ്വാസം ഉണ്ടെന്നും മകളുമായി ഫോണിൽ സംസാരിച്ചതായും കുടുംബം പ്രതികരിച്ചു.


Similar Posts