< Back
Kerala
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ ദൗത്യം കഴിഞ്ഞു, ഇനി ചെയ്യേണ്ടത് സർക്കാർ: കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
Kerala

'നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ ദൗത്യം കഴിഞ്ഞു, ഇനി ചെയ്യേണ്ടത് സർക്കാർ': കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

Web Desk
|
18 Aug 2025 10:05 PM IST

''മുസ്‌ലിം- ഹിന്ദു - ക്രിസ്ത്യൻ എന്ന നോട്ടമില്ലാതെ മനുഷ്യത്വത്തിന് വില കൽപ്പിക്കണം എന്ന് ലോകത്തോട് പറയാനാണ് നിമിഷപ്രിയ വിഷയത്തിൽ ഇടപെട്ടത്''

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ ദൗത്യം കഴിഞ്ഞെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

''മുസ്‌ലിം- ഹിന്ദു - ക്രിസ്ത്യൻ എന്ന നോട്ടമില്ലാതെ മനുഷ്യത്വത്തിന് വില കൽപ്പിക്കണം എന്ന് ലോകത്തോട് പറയാനാണ് നിമിഷപ്രിയ വിഷയത്തിൽ ഇടപെട്ടത്. യെമനിൽ ഉണ്ടായ ഇടപെടലിന്റെ ഓരോ പുരോഗതിയും കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. സർക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാൻ ആഗ്രഹിച്ചിട്ടില്ല''- കാന്തപുരം പറഞ്ഞു.

മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള അഭിമുഖത്തിലാണ് കാന്തപുരത്തിൻ്റെ പ്രതികരണം.

''ഇനി ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണ്. സർക്കാർ അക്കാര്യം ചെയ്യുമെന്നാണ് വിശ്വാസമെന്നും''- കാന്തപുരം വ്യക്തമാക്കി.

യെമനി പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനി ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് സൂഫീ പണ്ഡിതന്‍ ഉമർ ഹഫീളിന്റെ പ്രതിനിധികള്‍ യമനില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് വധശിക്ഷ നീട്ടിവെച്ചത്.

നിമിഷപ്രിയക്ക് മാപ്പ് നല്‍കാന്‍ തലാലിന്റെ കുടുംബം സമ്മതിച്ചെന്നാണ് മധ്യസ്ഥർ നല്‍കുന്ന വിവരം. മധ്യസ്ഥ ചർച്ചയുടെ പശ്ചാത്തലത്തില്‍ നിമിഷപ്രിയയുടെ വധശിക്ഷ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായാണ് യെമനില്‍ നിന്നുള്ള ഔദ്യോഗകിക വിവരം. അതേസമയം വധശിക്ഷ റദ്ദായെന്ന റിപ്പോർട്ടുകള്‍ വന്നിരുന്നെങ്കിലും യെമനില്‍ നിന്നോ കേന്ദ്രസർക്കാരില്‍ നിന്നോ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇതിനിടെ മധ്യസ്ഥ ചർച്ചകളോട് എതിർപ്പുള്ള, കൊല്ലപ്പെട്ട യെമനി യുവാവിന്റെ സഹോദരന്‍ അബ്ദല്‍ ഫതാഹ്, വധശിക്ഷ നടപ്പാക്കാന്‍ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടർക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Similar Posts