< Back
Kerala
ലീഗ് നയത്തിനെതിരായ പ്രവൃത്തിയാണ് കെ.എൻ.എ ഖാദർ ചെയ്തത്; പാർട്ടി വിഷയം ചർച്ച ചെയ്യുമെന്ന് എം.കെ മുനീർ
Kerala

''ലീഗ് നയത്തിനെതിരായ പ്രവൃത്തിയാണ് കെ.എൻ.എ ഖാദർ ചെയ്തത്''; പാർട്ടി വിഷയം ചർച്ച ചെയ്യുമെന്ന് എം.കെ മുനീർ

Web Desk
|
22 Jun 2022 12:14 PM IST

ആർഎസ്എസ് പരിപാടിയിൽ മുസ്‌ലിം ലീഗ് നേതാവ് പങ്കെടുത്തതിൽ വിവാദം പുകയുന്നു

കോഴിക്കോട്: ആർഎസ്എസ് നേതാക്കൾ സംഘടിപ്പിച്ച പരിപാടിയിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദർ പങ്കെടുത്തതിൽ വിവാദം പുകയുന്നു. ലീഗ് നയത്തിന് എതിരായ പ്രവൃത്തിയാണ് കെ.എൻ.എ ഖാദർ ചെയ്തതെന്ന് എം കെ മുനീർ എംഎൽഎ പറഞ്ഞു. പാർട്ടി വിഷയം ചർച്ച ചെയ്യുമെന്നും മുനീർ അറിയിച്ചു. ഇന്നലെയാണ് കേസരി ആസ്ഥാനത്ത് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ കെ.എൻ.എ ഖാദർ പങ്കെടുത്തത്.

വിവാദമായ സാഹചര്യത്തിൽ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ എൻ എ ഖാദർ രംഗത്തെത്തിയിരുന്നു സാംസ്‌കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. സാദിഖലി ശിഹാബ് തങ്ങളും മുസ്ലിം ലീഗും സ്വീകരിക്കുന്ന നിലപാടാണ് തന്റേതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

അരമണിക്കൂറിലധികം നീണ്ട അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിൽ ആർ എസ് എസ് ബൗദ്ധിക വിഭാഗമായ പ്രജ്ഞാപ്രവാഹിന്റെ ദേശീയ കൺവീനറായ ജെ നന്ദകുമാറിനെ പ്രശംസിക്കുന്നുണ്ട്. ഒരു സമയത്ത് എന്നെ മുസ്ലിം തീവ്രവാദിയെന്ന് പ്രചരിപ്പിച്ചു. ഗുരുവായൂരിൽ മത്സരിച്ച സമയത്ത് ഗുരുവായൂർ ക്ഷേത്രപരിസരത്ത് പോയപ്പോൾ എന്നെ സംഘിയാക്കി. പിന്നെ ഞാൻ നിരീശ്വരവാദിയാണെന്ന് പറഞ്ഞു. യഥാർഥത്തിൽ ഞാൻ ആരാണെന്നാണ് ഞാൻ പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുവർണ ക്ഷേത്രത്തിൽ പോയപ്പോൾ പൂജാരിയുടെ മകൻ ഹർമീന്ദർ സിംഗിനെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്. ഓരോ സംഭവവും ഓരോ രീതിയിലാണ് ഓരോരുത്തരും നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മുസ്ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമാണ് കെ.എൻ.എ ഖാദർ.


Similar Posts