< Back
Kerala
MK Muneer MLA Against Extreme Poverty Free Kerala Project

Photo| Special Arrangement

Kerala

അതിദാരിദ്ര്യമുക്ത പദ്ധതി തദ്ദേശ സ്ഥാപനങ്ങൾ എല്ലാ കാലത്തും ചെയ്തുവരുന്നത്: എം.കെ മുനീർ

Web Desk
|
2 Nov 2025 5:49 PM IST

പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കിയിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങൾ എല്ലാകാലത്തും നിർവഹിച്ചുവരുന്ന ദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾക്ക് പുറമെ മറ്റൊരു പ്രവർത്തനവും അതിദാരിദ്ര്യമുക്ത പദ്ധതിയുടെ ഭാഗമായി നടന്നിട്ടില്ലെന്ന് മുൻ മന്ത്രിയും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ മുനീർ. തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളുടെ പട്ടിക സംസ്ഥാനതലത്തിൽ ക്രോഡീകരിക്കാറില്ല. അതിന്റെ ആവശ്യവുമില്ല. എന്നാൽ പ്രചാരണത്തിനായി ഇവ ക്രോഡീകരിക്കുകയും പുതിയ പേര് നൽകുകയും മാത്രമാണ് അതിദാരിദ്ര്യമുക്ത പദ്ധതിയിലൂടെ സർക്കാർ ചെയ്തത്.

സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് ഭൂമിയും ഭവനവും ഭക്ഷണവും മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന പദ്ധതി കാലാകാലങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്തു വരുന്നവയാണ്. ഈ കാര്യങ്ങൾ മാത്രമാണ് സർക്കാർ കൊട്ടിഘോഷിക്കുന്ന പദ്ധതിയിലും നടന്നിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിനു പുറമെ സർക്കാരിൽ നിന്ന് പ്രത്യേകമായ ഒരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച അഗതി ആശ്രയ പദ്ധതി പ്രകാരം അഗതികൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഇത് വിപുലീകരിക്കുന്നതിന് ഒരു ശ്രമവും നടത്താത്ത സർക്കാർ ഇപ്പോൾ പേരുമാറ്റി അവതരിപ്പിക്കുകയാണ് ചെയ്തത്. അഗതി ലിസ്റ്റ് തയാറാക്കിയിരുന്നത് ഗ്രാമസഭകൾ ചേർന്ന് പ്രാദേശിക ചർച്ചകളിലൂടെ ആയിരുന്നു. ഈ ലിസ്റ്റ് കുറ്റമറ്റതുമായിരുന്നു. അവ ഗ്രാമസഭകൾ ചേർന്ന് പരിഷ്‌കരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിദരിദ്ര പട്ടിക തയാറാക്കിയത് ജനകീയ ചർച്ചയില്ലാതെ സോഫ്റ്റ്‌വെയറുകൾ ആണ്. ഇതിന്റെ ന്യൂനത പട്ടികയ്ക്കുണ്ട്. അർഹരായ ഭൂരിഭാഗം പേരും പട്ടികയ്ക്ക് പുറത്താണുള്ളത്. ഇത് ഓരോ വാർഡിലും പരിശോധിച്ചാൽ വ്യക്തമാണ്.

ബജറ്റ് വിഹിതം വെട്ടിക്കുറച്ചും തിരിച്ചുപിടിച്ചും തദ്ദേശസ്ഥാപനങ്ങളെ പ്രഹരിക്കുന്ന സർക്കാർ, അതിദരിദ്ര പദ്ധതിക്കായി അധികമായി ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. തദ്ദേശസ്ഥാപനങ്ങൾ മുൻകാലങ്ങളിൽ നടപ്പാക്കിവന്നിരുന്ന ഭവനപദ്ധതികളെ തകർത്ത ശേഷം, ലൈഫ് എന്ന പേരിൽ പുതിയ പദ്ധതി കൊണ്ടുവന്നതിന് സമാനമാണ് അതിദരിദ്ര പദ്ധതിയും. മാത്രമല്ല പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും വീടോ മറ്റ് ആനുകൂല്യങ്ങളോ ഉറപ്പാക്കുന്നതിനും ഇതുവരെ സാധിച്ചിട്ടില്ല.

ഓരോ തദ്ദേശ സ്ഥാപനത്തിലെയും അതിദരിദ്ര കുടുംബങ്ങളുട നിലവിലെ അവസ്ഥ പരിശോധിച്ചാൽ പദ്ധതിയുടെ പൊള്ളത്തരം വ്യക്തമാകും. വിചിത്ര മാനദണ്ഡങ്ങൾ നിരത്തി പരിമിതമായ പട്ടിക തയാറാക്കുകയും അവയിൽപെട്ടവർക്ക് തദ്ദേശസ്ഥാപന ഫണ്ട് ഉപയോഗിച്ച് നിലവിൽ ചെയ്തുവരുന്ന ചില സേവനങ്ങൾ ചെയ്യുകയും ചെയ്തു. ഇതിലൂടെ ഒരു പ്രഖ്യാപന തട്ടിപ്പ് മാത്രമാണ് നടന്നിട്ടുള്ളതെന്നും എം.കെ മുനീർ‌ വ്യക്തമാക്കി.

Similar Posts