< Back
Kerala
MK Muneer Against Police Action on Protesters against Fresh Cut Slaughter waste disposal Centre Kozhikode

Photo| Special Arrangement

Kerala

ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടിയേ തീരൂ; ജനകീയ സമരം അടച്ചമര്‍ത്തുന്നത് പ്രതിഷേധാര്‍ഹം: എം.കെ മുനീര്‍ എംഎല്‍എ

Web Desk
|
21 Oct 2025 11:06 PM IST

'ആയിരക്കണക്കിന് ജനങ്ങളെ ബന്ധികളാക്കി കുത്തക മാലിന്യ കേന്ദ്രത്തെ സംരക്ഷിക്കാമെന്നത് വ്യാമോഹമാണ്'.

താമരശ്ശേരി: കോഴിക്കോട് അമ്പായത്തോട്ടെ ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിന് മുമ്പില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമാധാനത്തോടെ സമരം ചെയ്തവരെ ക്രൂരമായി നേരിട്ടവര്‍ മറുപടി പറയേണ്ടിവരുമെന്ന് ഡോ. എം.കെ മുനീര്‍ എംഎല്‍എ.

ആയിരക്കണക്കിന് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായ എല്ലാ നിയമവും കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണ്.

കിലോമീറ്ററുകള്‍ ചുറ്റളവില്‍ ദുര്‍ഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ സമരത്തെ ചോരയില്‍ മുക്കി ഇല്ലാതാക്കാനാണ് അധികൃതരും പൊലീസും ശ്രമിച്ചത്.

പ്രതിഷേധിച്ച ജനങ്ങള്‍ക്കു നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ ടിയര്‍ ഗ്യാസ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അതിക്രമം അഴിച്ചുവിട്ടത് മൂലം നിരവധി സമരക്കാര്‍ക്കാണ് പരിക്കേറ്റത്.

സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്ക് നേരെ നടന്ന ഈ കൈയേറ്റം അംഗീകരിക്കാനാവില്ല. പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണം. ആയിരക്കണക്കിന് ജനങ്ങളെ ബന്ധികളാക്കി കുത്തക മാലിന്യ കേന്ദ്രത്തെ സംരക്ഷിക്കാമെന്നത് വ്യാമോഹമാണ്. ഫ്രഷ് കട്ട് അടച്ചുപൂട്ടുക മാത്രമാണ് സമാധാനത്തിനുള്ള പോംവഴിയെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

Similar Posts