< Back
Kerala
അതിജീവിതയെ വിളിച്ചുവരുത്തി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി എഴുതി വാങ്ങിച്ചതാണ്:  എം.എം ഹസൻ
Kerala

'അതിജീവിതയെ വിളിച്ചുവരുത്തി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി എഴുതി വാങ്ങിച്ചതാണ്': എം.എം ഹസൻ

Web Desk
|
28 Nov 2025 11:42 AM IST

ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നേതാക്കൾ അറസ്റ്റിൽ ആകുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പരാതി എഴുതിവാങ്ങിയതെന്നും ഹസന്‍ പറഞ്ഞു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ അതിജീവിത പരാതി നൽകിയ രീതി വിചിത്രമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എം.എം ഹസൻ.'അതിജീവിതയെ വിളിച്ചുവരുത്തി രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി എഴുതി വാങ്ങിച്ചതാണ്.മൂന്ന് മാസം പരാതി ഇല്ല എന്നാണ് പറഞ്ഞത്. ഇതിന് ശേഷം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയി പരാതി കൊടുത്തത് ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നേതാക്കൾ അറസ്റ്റിൽ ആകുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്' ഹസന്‍ പറഞ്ഞു.

സമാന ആരോപണം നേരിട്ട സിപിഎം എംഎൽഎമാർ രാജിവച്ചോയെന്നും ഹസന്‍ ചോദിച്ചു.'കേസിന്‍റെ നിയമനടപടികള്‍ നേരിടേണ്ടത് രാഹുലാണ്.അദ്ദേഹത്തിന്‍റെ നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയില്ല. കേസില്‍ അന്തിമ വിധി വരട്ട,എന്നിട്ടാകാം എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുന്നത്. രാഹുലിന് കടുത്ത ശിക്ഷ പാർട്ടി നൽകിയിട്ടുണ്ട്.' ഹസന്‍ പറഞ്ഞു.

അതേസമയം, രാഹുലിനെതിരെ കോൺഗ്രസ് കൂടുതൽ നടപടി ഉടൻ സ്വീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർട്ടിയുടെ മുഖം രക്ഷിക്കാൻ നേരത്തെ എടുത്ത സസ്പെൻഷൻ നടപടി പര്യാപ്തമാണെന്ന് കോൺഗ്രസ് നേതാക്കൾ വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎമ്മിന്റെ കെണിയാണ് ഇപ്പോൾ കേസെടുത്തതിന് പിന്നിലെന്നാണ് കോൺഗ്രസ് വാദം. സ്വർണക്കൊള്ളയിൽ പ്രതിരോധത്തിലായ സിപിഎം അത് മറിക്കടക്കാനായി ഇരയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങുകയായിരുന്നുവെന്ന നിലയ്ക്കുള്ള പ്രതികരണവും കോൺഗ്രസ് നേതാക്കൾ നടത്തിയിട്ടുണ്ട്.


Similar Posts