< Back
Kerala
driving license
Kerala

ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം

Web Desk
|
29 Feb 2024 7:05 AM IST

ട്രിപ്പിള്‍ റൈഡിന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: മോട്ടോര്‍ വാഹന ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തി ഗതാഗത കമീഷണര്‍ സര്‍ക്കുലര്‍ ഇറക്കി. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്നാണ് നിര്‍ദേശം. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കേസ് പ്രത്യേകമായി അന്വേഷിച്ച് വേണം നടപടിയെടുക്കാൻ. ഇരുചക്ര വാഹനത്തിലെ ട്രിപ്പിള്‍ റൈഡിന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ഗതാഗത കമ്മീഷണര്‍ സര്‍ക്കുലറിൽ നിർദേശിക്കുന്നു.

റോഡ് അപകടങ്ങളില്‍ പൊലീസ് തയാറാക്കുന്ന എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. സത്യം തെളിയിക്കാൻ വേണ്ട സമയം പോലും വാഹനം ഉടമകള്‍ക്ക് കൊടുക്കാറില്ലേ എന്ന് പല കേസുകളിലും ഹൈകോടതി ചോദിച്ചിട്ടുണ്ട്. അതിനാല്‍ പല കേസുകളും കോടതിയില്‍ തള്ളി പോകാറുണ്ട്.

സ്വാഭാവിക നീതി ഉറപ്പാക്കാനാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കേസ് പ്രത്യേകമായി അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വേണം ഇനി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യേണ്ടത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തൊട്ട് താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഗതാഗത കമ്മീഷണര്‍ എ.ഡി.ജി.പി.എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കിയത്. ഇതിനോടൊപ്പം മറ്റ് ചില മാറ്റങ്ങളും വരുത്തി.

ഇരുചക്ര വാഹനത്തിലെ ട്രിപ്പിള്‍ റൈഡിന് പിടിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. അപകടകരമായി വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഇടിച്ചിട്ട് മുങ്ങൽ എന്നീ കുറ്റകൃത്യങ്ങൾക്കും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച് മൂന്ന് തവണ പിടിച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

Related Tags :
Similar Posts