< Back
Kerala
എന്നെ ഞാനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി, ഈ അംഗീകാരം സമര്‍പ്പിക്കുന്നത് മലയാള സിനിമക്ക്: മോഹന്‍ ലാല്‍
Kerala

എന്നെ ഞാനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി, ഈ അംഗീകാരം സമര്‍പ്പിക്കുന്നത് മലയാള സിനിമക്ക്: മോഹന്‍ ലാല്‍

Web Desk
|
20 Sept 2025 7:39 PM IST

ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ ലാല്‍ പറഞ്ഞു

കോഴിക്കോട്: ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് നടന്‍ മോഹന്‍ ലാല്‍. മലയാള സിനിമക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്നും മലയാള സിനിമക്കും പ്രേക്ഷകര്‍ക്കും അവര്‍ഡ് സമര്‍പ്പിക്കുകയാണെന്നും മോഹന്‍ ലാല്‍ മീഡിയ വണിനോട് പറഞ്ഞു.

'വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നു. എല്ലാവരോടും നന്ദി പറയുകയാണ്. എന്നെ ഞാനാക്കിയ, എന്റെ കൂടെ സഞ്ചരിച്ചിരുന്ന എല്ലാവര്‍ക്കും നന്ദി. ഈ ഒരു പുരസ്‌കാരത്തിലേക്ക് എന്നെ തെരഞ്ഞെടുത്ത ജൂറിക്കും ഗവണ്‍മെന്റിനും നന്ദി അറിയിക്കുകയാണ്.

എത്രയെ വലിയ ആളുകള്‍ നടന്നുപോയ വഴിയിലൂടെ നമുക്കും നടക്കാന്‍ കഴിയുക. അതിലേക്ക് നമ്മളെ നയിക്കുക എന്ന് പറയുന്നത് ദൈവനുഗ്രഹമാണ്. മലയാള സിനിമക്ക് ഇത് വലിയ അംഗീകരമായി കാണുന്നു.

മലയാള സിനിമക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്കും മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപാട് നന്ദിയുണ്ട്. ഈ അവാര്‍ഡ് ഞാന്‍ അവര്‍ക്കായി സമര്‍പ്പിക്കുകയാണ്,' മോഹന്‍ ലാല്‍ പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമാണ് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും.

തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളി. 2004ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു.

Similar Posts