
ഇത്തവണ നേരത്തെ; കേരളത്തിൽ കാലവര്‍ഷമെത്തി
|2009ന് ശേഷം കാലവർഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്
തിരുവന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തി. തെക്ക് പടിഞ്ഞാറൻ മൺസൂൺ 8 ദിവസം മുമ്പ് കേരളത്തിൽ എത്തി. 2009ന് ശേഷം കാലവർഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്. 2009 ൽ മേയ് 23ന് കാലവർഷം തുടങ്ങിയിരുന്നു
അതേസമയം സംസ്ഥാനത്ത് മഴ കനക്കുകയാണ്. വിവിധിയിടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് നല്ലളത്ത് 110 കെ വി ഇലക്ട്രിക് ലൈൻ ടവർ ചെരിഞ്ഞു. ലൈൻ നിലംപതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് വെള്ളക്കെട്ടിലെ ടവർ ചെരിഞ്ഞത്.
മഴയിൽ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടമുണ്ടായി. കോന്നി തണ്ണിത്തോട് വീടിനു മുകളിലേക്ക് മരം വീണു . പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം . ഇളക്കൊള്ളൂരിൽ മരം കടപുഴകി വൈദ്യുതി പോസ്റ്റിലേക്ക് വീണു.വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു സമീപത്തെ വീട്ടിലേക്ക് വീണു.ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശമുണ്ടായി. എണ്ണൂറിലധികം കുലച്ച നേന്ത്രവാഴകൾ നശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ അറിയിച്ചു.