< Back
Kerala
കൈക്കുഞ്ഞുമായി യാത്ര ചെയ്ത ദമ്പതികൾക്കു നേരെ സദാചാര ഗുണ്ടായിസം; കാറിന് നേരെയും ആക്രമണം
Kerala

കൈക്കുഞ്ഞുമായി യാത്ര ചെയ്ത ദമ്പതികൾക്കു നേരെ സദാചാര ഗുണ്ടായിസം; കാറിന് നേരെയും ആക്രമണം

Web Desk
|
3 Jan 2023 5:50 PM IST

രാത്രി പെണ്ണിനേയും കൊണ്ട് എവിടേക്കു പോകുന്നെന്നും എന്താണ് പരിപാടി എന്നും ചോദിച്ചായിരുന്നു ആക്രമണം.

മൂവാറ്റുപുഴ: കാറിൽ പോവുകയായിരുന്ന ദമ്പതികൾക്കു നേരെ രണ്ടംഗ സംഘത്തിന്റെ സദാചാര ഗുണ്ടായിസം. ഇന്നലെ രാത്രി പത്തോടെ മൂവാറ്റുപുഴ സി.ടി.സി കവലയ്ക്ക് സമീപമായിരുന്നു സംഭവം. അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി പോവുമ്പോഴായിരുന്നു സദാചാര ​ഗുണ്ടായിസമുണ്ടായത്.

മൂവാറ്റുപുഴ വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടിൽ ഡെനിറ്റിനും ഭാര്യ റീനി തോമസിനുമാണ് സദാചാര ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടിവന്നത്. കാർ തടഞ്ഞു നിർത്തി അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തതായി ഡെനിറ്റ് പറയുന്നു.

യാത്ര ചെയ്യവെ കാറിന് മുന്നിലേക്ക് ഒരാൾ ബൈക്കിൽ വരികയും രൂക്ഷമായി നോക്കുകയും ചെയ്തെന്ന് ഡെനിറ്റ് പറഞ്ഞു. തുടർന്ന് ഇവിടെ നിന്ന് പോയ ശേഷം മറ്റൊരാളുമായി തിരിച്ചുവന്ന ശേഷമായിരുന്നു അസഭ്യവും ചോദ്യം ചെയ്യലും.

രാത്രി പെണ്ണിനേയും കൊണ്ട് എവിടേക്കു പോകുന്നെന്നും എന്താണ് പരിപാടി എന്നും ചോദിച്ചായിരുന്നു ആക്രമണം. ഡോർ വലിച്ചു തുറക്കാനും ഇവർ ശ്രമിച്ചു. കുട്ടി വല്ലാതെ കരഞ്ഞതോടെ ദമ്പതികൾ കാർ റോഡരികിലൊതുക്കി പുറത്തിറങ്ങിയപ്പോഴും ചോദ്യം ചെയ്യൽ തുടർന്നു. കാറിന്റെ റിവർ വ്യൂ മിററും ബംപറും നമ്പർ പ്ലേറ്റും രണ്ടം​ഗ സംഘം അടിച്ചു തകർത്തു. ‌

അരമണിക്കൂറോളം ഇവരെ റോഡിൽ തടഞ്ഞുവച്ചായിരുന്നു അസഭ്യവും ചോദ്യം ചെയ്യലും. തുടർന്ന് ഡെനിറ്റ് പൊലീസിനെ വിളിച്ചതോടെ സദാചാര ഗുണ്ടകൾ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

ശേഷം, ദമ്പതികൾ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Similar Posts