
പാലക്കാട് നഗരസഭയുടെ പൊതുശ്മശാനത്തിൽ ഭൂമി ആവശ്യപെട്ട് കൂടുതൽ ജാതി സംഘടനകൾ
|ചെറുമ, വിശ്വകര്‍മ്മ, ഈഴവ സമുദായം എന്നിവരാണ് ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയത്
പാലക്കാട്: പാലക്കാട് നഗരസഭയുടെ പൊതു ശ്മാശാനത്തിൽ ഭൂമി ആവശ്യപെട്ട് കൂടുതൽ ജാതി സംഘടനകൾ രംഗത്ത്. ചെറുമ, വിശ്വകർമ്മ, ഈഴവ സമുദായങ്ങളാണ് ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയത്.
NSS കരയോഗത്തിന് നൽകിയ മാതൃകയിൽ തങ്ങളുടെ സമുദായങ്ങൾക്കും 20 സെൻ്റ് അനുവദിക്കണമെന്നാണ് ആവശ്യം. വലിയപാടം എൻഎസ്എസ് സെക്രട്ടറിയുടെ അപേക്ഷ പരിഗണിച്ചാണ് ഷെഡ് നിർമ്മിക്കാൻ പാലക്കാട് നഗരസഭ 20 സെൻ്റ് സ്ഥലം നൽകിയത്. ഈ സ്ഥലത്ത് എൻഎസ്എസ് ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചിരുന്നു.
അതേസമയം പാലക്കാട് നഗരസഭയിലെ പൊതുശ്മശാനത്തിൽ മതിൽകെട്ടി തിരിച്ചുള്ള എൻഎസ്എസിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർദേശിച്ചതായി ചെയർപേഴ്സൺ പ്രമീള ശശിധരൻ പറഞ്ഞു. എല്ലാ വിഭാഗക്കാർക്കും ഉപയോഗിക്കാൻ കഴിയുന്ന നിലയിലാകും നിർമാണമെന്നും ജോലികൾ നഗരസഭ നടത്തുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പാലക്കാട് നഗരത്തിലെ പൊതുശ്മാശനത്തിലാണ് എൻഎസ്എസിനായി പ്രത്യകം സ്ഥലം അനുവദിച്ചിരിക്കുന്നത്. ജാതി തിരിച്ച് സ്ഥലം അനുവദിക്കുന്നതിലൂടെ പൊതു ശ്മാശനം എന്ന ആശയം തന്നെ ഇല്ലാതാകുമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിര്‍ദേശിക്കുന്നതും കൂടുതല്‍ സംഘടനകള്‍ ഭൂമി ആവശ്യപ്പെട്ട് രംഗത്ത് എത്തുന്നതും. വർഷങ്ങൾക്ക് മുൻമ്പ് ബ്രഹ്മണർക്ക് മാത്രമായി നിർമ്മിച്ച ഷെഡ് സമീപത്തുണ്ട്.