< Back
Kerala
നന്ദഗോവിന്ദം ഭജൻസിന്റെ നടക്കാത്ത  പരിപാടിയുടെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല്; ആഗോള അയ്യപ്പ സംഗമത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്
Kerala

'നന്ദഗോവിന്ദം ഭജൻസിന്റെ നടക്കാത്ത പരിപാടിയുടെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല്'; ആഗോള അയ്യപ്പ സംഗമത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്

Web Desk
|
13 Feb 2026 10:51 AM IST

ആഗോള അയ്യപ്പ സംഗമത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയ സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. പരിപാടിയുടെ പേരിലും ബില്ല് സമർപ്പിച്ചു. നന്ദഗോവിന്ദം ഭജൻസിന് എട്ടു ലക്ഷം രൂപ കൊടുത്തതായാണ് ബില്ല് സമർപ്പിച്ചത്. എന്നാൽ നന്ദഗോവിന്ദം ടീമിന്റെ പരിപാടി അവിടെ നടന്നിരുന്നില്ല.

അതേസമയം,ആഗോള അയ്യപ്പ സംഗമത്തില്‍ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ടീം വ്യക്തമാക്കി. പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചിരുന്നുവെന്ന് പ്രോഗ്രാം കോഡിനേറ്റർ ഉണ്ണികൃഷ്ണൻ പറഞ്ഞു.ഡേറ്റ് ഇല്ലാത്തതിനാൽ പരിപാടി ഏറ്റെടുത്തില്ലെന്നും തങ്ങളോട് ആരും ബിൽ വാങ്ങിയിട്ടില്ലെന്നും പ്രോഗ്രാം കോഡിനേറ്റർ പറഞ്ഞു.ചെയ്യാത്ത പരിപാടിയെ കുറിച്ച് അഭിപ്രായം പറയില്ലെന്നും ടീം വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയ സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. കണക്കുകളിൽ ഗുരുതര ക്രമക്കേടെന്നും പന്തൽ നിർമ്മാണം ടെണ്ടർ ഇല്ലാതെയാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഊരാളുങ്കല്ലിനാണ് ടെൻഡർ ഇല്ലാതെ പന്തൽ നിർമ്മാണം നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. രണ്ട് കോടി രൂപയുടെ സ്പോൺസർഷിപ്പിന്റെ വിശദാംശങ്ങൾ റിപ്പോർട്ടിൽ നൽകിയിട്ടില്ല. രണ്ട് ലക്ഷം കണക്കാക്കിയ കലാപരിപാടികൾക്ക് എട്ട് ലക്ഷം ചെലവായി.

സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. കൃത്യമായ കണക്കുകളും ബില്ലുകളും ഇല്ല, ചില ബില്ലുകളിൽ ജിഎസ്ടി രജിസ്ട്രേഷൻ ഇല്ല,സ്പോൺസർഷിപ്പ് വരുമാനം അവ്യക്തം, മരാമത്ത് പണികളും ടെൻഡർ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഉപകരാറുകൾ ഓഡിറ്റിന് ഹാജരാക്കിയില്ലെന്നും കലാപരിപാടികൾക്ക് ആറുലക്ഷം രൂപ അധിക ചെലവായെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുക തിരിച്ച് ഏല്പിച്ചെന്ന ദേവസ്വം മന്ത്രിയുടെ വാദം തെറ്റ്. ദേവസ്വം ഫണ്ടിൽ നിന്ന് എടുത്ത തുക തിരിച്ചേല്പിച്ചെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ രണ്ട് കോടി രൂപ തിരിച്ചു നൽകിയില്ലെന്നാണ് ഓഡിറ്റ്‌ റിപ്പോർട്ടിൽ പറയുന്നത്.

ആഗോള അയ്യപ്പസംഗമത്തിലെ കണക്കുകൾ സംബന്ധിച്ച് ദേവസ്വം മന്ത്രി വിശീദകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. നിയമസഭയിൽ ദേവസ്വംമന്ത്രി പറഞ്ഞതാണോ ഹൈക്കോടതിൽ നൽകിയ കണക്കാണോ ശരിയെന്ന് വിശദീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. അയ്യപ്പസംഗമത്തിൽ വൻ അഴിമതിയാണ് നടന്നതെന്നും നിയമസഭയിൽ വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

അതേസമയം, കണക്കിൽ അവ്യക്തത തുടരുന്നതിനിടെ വിശദീകരണവുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് രംഗത്തെത്തി. അയ്യപ്പ സംഗമത്തിന് ഇതുവരെ ചെലവഴിച്ചത് മൂന്ന് കോടി രൂപയാണ്. സ്പോൺസർഷിപ്പ് കിട്ടിയ മൂന്ന് കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്. ഒരു രൂപ പോലും ഇതിൽ കൂടുതൽ ദിവസം ബോർഡ് ചെലവഴിച്ചിട്ടില്ല. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് എന്തിന്‍റെ അടിസ്ഥാനത്തിൽ ആണെന്ന് അന്വേഷിക്കണമെന്നും പ്രശാന്ത് പറഞ്ഞു.

2025 സെപ്റ്റംബര്‍ 20നായിരുന്നു പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നത്. പരിപാടി പൂര്‍ത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ മുന്‍ നിര്‍ദേശം. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 3500 പേര്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവകാശവാദമെങ്കിലും 2000 പ്രതിനിധികള്‍ പോലും പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്ത 4245 പേരില്‍ 623 പേര്‍ മാത്രമാണ് പങ്കെടുത്തത്.


Similar Posts