
ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവം: മുൻ എക്സിക്യൂട്ടീവ് അംഗം ടി.ടി വിനോദിനെതിരെ കൂടുതൽ ക്ഷേത്ര സമിതികൾ രംഗത്ത്
|കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഭാരവാഹികളാണ് വിനോദിനെതിരെ രംഗത്ത് വന്നിരിക്കുന്നത്
കോഴിക്കോട്: ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവത്തിൽ ആരോപണ വിധേയനായ മുൻ എക്സിക്യൂട്ടീവ് അംഗം ടി.ടി വിനോദിനെതിരെ കൂടുതൽ ക്ഷേത്ര സമിതികൾ രംഗത്ത്. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഭാരവാഹികളാണ് വിനോദിനെതിരെ രംഗത്ത് വന്നത്. വിനോദിന് ശേഷം മൂന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ ചാർജെടുത്തിട്ടും ഇയാൾ സ്വർണം തിരികെ നൽകാൻ തയ്യാറായില്ല. പിന്നീട് കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയതിന് ശേഷം രണ്ടുമാസം മുമ്പ് സ്വർണം തിരികെ നൽകി.
വിനോദിനെതിരെ ദേവസ്വത്തിന് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ വൈകിയത് അനാസ്ഥയാണെന്നും മണക്കുളങ്ങര ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ സ്വർണം നഷ്ടമായത് അന്ന് ഉണ്ടായിരുന്ന മുൻ എക്സിക്യൂട്ടീവ് അംഗം ടി.ടി വിനോദ് കാരണമാണ് എന്ന് പരാതി ഉയർന്നിട്ടുണ്ട്.
വിനോദന്റെ കാലാവധി കഴിഞ്ഞിട്ടും സ്വർണം അടക്കമുള്ള കാര്യങ്ങൾ ഏൽപ്പിച്ചില്ലെന്നും നിരവധി തവണ വിളിച്ചിട്ടും ഓരോ ഒഴിവുകഴിവ് പറഞ്ഞു കൊണ്ടിരുന്നെനും ട്രസ്റ്റി ബോർഡ് ചെയർമാൻ ഷെനിറ്റ് ആരോപിച്ചു. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ കളവുക്കേസ് കൊടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇയാൾ സ്വർണം തിരിച്ചേൽപ്പിച്ചതെന്നും ഷെനിറ്റ് പറഞ്ഞു.