< Back
Kerala
Directorate Of Public Instructions
Kerala

സംസ്ഥാനത്ത് 270ലധികം പ്രധാനധ്യാപക - എഇഒ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു; അധികച്ചുമതലയില്‍ വലഞ്ഞ് ഉദ്യോഗസ്ഥര്‍

Web Desk
|
2 Oct 2024 9:54 AM IST

പലയിടത്തും ചുമതലക്കാർ ഇല്ലാതെയും അധ്യാപകർക്ക് അധികച്ചുമതല നൽകിയുമാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് 270ലധികം പ്രധാനധ്യാപക - എഇഒ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. പലയിടത്തും ചുമതലക്കാർ ഇല്ലാതെയും അധ്യാപകർക്ക് അധിക ചുമതല നൽകിയുമാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

ഏതാനും ദിവസം മുൻപാണ് വൈക്കം എഇഒ. ഓഫീസിലെ സീനിയർ സൂപ്രണ്ട് ശ്യാംകുമാർ ആത്മഹത്യ ചെയ്തത്. എഇഒയുടെ അധിക ചുമതലകൂടി വന്നതോടെ ഉണ്ടായ ജോലിഭാരം മരണത്തിലേക്ക് നയിച്ചു എന്ന് സഹപ്രവർത്തകർ ആരോപിക്കുന്നു. ഇത് ശരി വയ്ക്കുന്ന തരത്തിലേക്കുള്ള വിവരങ്ങൾ ആണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് പല വിദ്യാഭ്യാസ ഓഫീസുകളിലും എഇഒമാരും പ്രധാനദ്യാപകരും ഇല്ലാത്ത അവസ്ഥയാണ്. എഇഒമാർക്ക് പകരം സീനിയർ സൂപ്രണ്ടുമാർ അധികച്ചുമതല വഹിക്കുന്നു.

ഓഫീസ് ജോലികൾ നിർവഹിക്കേണ്ട സൂപ്രണ്ടുമാര്‍ മേളകളുടെ നടത്തിപ്പുകൾ മുതൽ ദൈനംദിന മീറ്റിങ്ങുകളിൽ വരെ പങ്കെടുക്കേണ്ടി വരുന്നത് വലിയ സമ്മർദം ഉണ്ടാക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. മറുവശത്ത് 200ലധികം സ്കൂളുകളിലാണ് പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെ മുതിർന്ന അധ്യാപകർക്ക് അധിക ചുമതല നൽകിയിരിക്കുന്നു. ഇതുമൂലം അധ്യയനം അടക്കമുള്ള പഠന പ്രവർത്തനങ്ങൾ താളം തെറ്റുന്നു എന്നാണ് പരാതി. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കൃത്യമായി നടക്കാത്തത് മൂലമാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രമോഷൻ നടപടികൾ സർക്കാർ തടഞ്ഞു വച്ചിരിക്കുന്നുവെന്നും ആരോപണമുണ്ട്.



Related Tags :
Similar Posts