
Photo| Special Arrangement
2002ൽ വോട്ട് ചെയ്തവർക്ക് ഇപ്പോൾ വോട്ടർ പട്ടികയിൽ പേരില്ല; കലൂരിൽ 500ലേറെ പേരുടെ വോട്ട് നഷ്ടപ്പെട്ടെന്ന് പരാതി
|പല കുടുംബങ്ങളിലും ഒരംഗം പോലും 2002ലെ വോട്ടർ പട്ടികയിൽ ഇല്ല.
കൊച്ചി: 2002ൽ വോട്ട് ചെയ്തവർക്ക് അന്നത്തെ വോട്ടർ പട്ടികയിൽ ഇപ്പോൾ പേരില്ലെന്ന് പരാതി. എറണാകുളം കലൂരിൽ 500ലേറെ പേരുടെ വോട്ട് നഷ്ടപ്പെട്ടെന്ന് പരാതി. ദേശാഭിമാനി റോഡിലെ കറുകപ്പള്ളി ഭാഗത്തുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. പട്ടികയിൽ പേരില്ലാത്തതിനാൽ എസ്ഐആർ എന്യൂമറേഷൻ ഫോം പൂരിപ്പിക്കാനാകുന്നില്ലെന്നും ഇവർ പറയുന്നു.
വർഷങ്ങളായി ഇവിടെ വോട്ട് ചെയ്തുകൊണ്ടിരിക്കുന്നവരാണ് തങ്ങളെന്നും എന്നാൽ എസ്ഐആറുമായി ബന്ധപ്പെട്ട് ഫോം പൂരിപ്പിക്കാനായി 2002ലെ വോട്ടർ പട്ടിക നോക്കുമ്പോൾ അതിൽ ആരുടേയും പേരില്ലെന്നും പ്രദേശവാസികൾ മീഡിയവണിനോട് പറഞ്ഞു.
തങ്ങളുടെ പ്രദേശത്ത് മാത്രം 500ലേറെ പേരുടെ വോട്ട് നഷ്ടമായിട്ടുണ്ട്. പല കുടുംബങ്ങളിലും ഒരംഗം പോലും 2002ലെ വോട്ടർ പട്ടികയിൽ ഇല്ല. 2002ൽ തന്റെ ഭാര്യ ഇവിടെ വോട്ട് ചെയ്തതാണെന്നും ഇപ്പോൾ നോക്കുമ്പോൾ അന്നത്തെ പട്ടികയിൽ വോട്ടില്ലെന്നും നാട്ടുകാരിൽ ഒരാൾ പറഞ്ഞു.
പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി ഒരു കൂടിയാലോചനാ യോഗം വിളിച്ചിട്ടുണ്ടെന്നും നിയമനടപടികൾ അടക്കമുള്ള തുടർനീക്കങ്ങൾ അതിൽ തീരുമാനിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.